modi mocks rahul and akhilesh over alliance

ബിജ്‌നോര്‍: രാജ്യത്തെയും യുപിയേയും കൊള്ളയടിച്ച രണ്ടു കുടുംബങ്ങളുടെ കൂട്ടായ്മയാണ് കോണ്‍ഗ്രസ്- സമാജ്‌വാദി പാര്‍ട്ടി സഖ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജ്‌നോറില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായും സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബാധിപത്യത്തെയും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു മോദിയുടെ പ്രസംഗം.

രണ്ടു കുടുംബങ്ങളും രണ്ടു പാര്‍ട്ടികളിലായിരുന്ന സമയത്ത് രാജ്യത്തിനും ഉത്തര്‍പ്രദേശിനും കനത്ത നാശമാണ് വരുത്തിവച്ചത്. അപ്പോള്‍പ്പിന്നെ ഇരുകൂട്ടരും ഒന്നിച്ചാലുള്ള അവസ്ഥ പറയണോ? ഉത്തര്‍പ്രദേശിനെ രക്ഷിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, ആദ്യം ഈ കുടുംബങ്ങളില്‍നിന്നും സംസ്ഥാനത്തെ രക്ഷിക്കണമെന്നും മോദി പറഞ്ഞു.

അഖിലേഷ് യാദവിനെക്കുറിച്ച് എനിക്ക് അധികം അറിയില്ല. ഏതാനും തവണ ചില സമ്മേളനങ്ങള്‍ക്കിടെ പരസ്പരം കാണുകയും വായിച്ചറിയുകയും ചെയ്തതു വച്ച്, കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്ന വിദ്യാസമ്പന്നനായ ചെറുപ്പക്കാരനാണ് അദ്ദേഹമെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

കോണ്‍ഗ്രസില്‍ ഇപ്പോഴും കുട്ടിക്കളി പൂര്‍ണമായും വിട്ടുമാറാത്ത ഒരു യുവനേതാവുണ്ട്. കമ്പ്യൂട്ടറില്‍ പരിശോധിച്ചാല്‍ അറിയാം, അദ്ദേഹത്തോളം പരിഹസിക്കപ്പെടുന്ന ഒരു നേതാവ് വേറെയില്ല രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ച് മോദി പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും അദ്ദേഹത്തില്‍നിന്ന് അകലം പാലിക്കുകയാണ്. ഇദ്ദേഹത്തെ ഒഴിവാക്കുന്നവര്‍പ്പോലും അഖിലേഷ് യാദവുമായി അടുപ്പം പുലര്‍ത്താന്‍ മടിക്കുന്നുമില്ല.

ഇതെല്ലാം കാണുമ്പോള്‍ ഈ യുവനേതാവിന്റെ അറിവിന്റെ ആഴക്കുറവ് എന്നെ സംശയാലുവാക്കുകയാണ്. വിഡ്ഢിത്തരങ്ങള്‍ എല്ലാവരും കാണിക്കും. എന്നാലും ഇത്രയും വലിയ വിഡ്ഢിത്തങ്ങള്‍ ചെയ്യാമോയെന്നും മോദി ചോദിച്ചു.

ഉത്തര്‍പ്രദേശിനെ അടക്കി ഭരിക്കാനാണ് യാദവ കുടുംബത്തിന്റെ ശ്രമമെന്നും മോദി പരിഹസിച്ചു. യാദവ കുടുംബത്തിലെ മിക്ക അംഗങ്ങളും സമാജ്‌വാദി പാര്‍ട്ടിയുടെ എംഎല്‍എമാരും എംപിമാരും സര്‍ക്കാരിലെ വിവിധ താക്കോല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നവരുമാണ്.

ഒരു സമുദായത്തെ മുഴുവനും വോട്ടു ബാങ്കാക്കി മാറ്റിയിട്ട് ഒരു കുടുംബത്തെ മാത്രം സേവിച്ച ചരിത്രമാണ് യാദവ കുടുംബത്തിന്റേതെന്നും മോദി പറഞ്ഞു.

Top