jayalalitha collapsed after someone pushed her at her residence-PH Pandian-AIADMK

ചെന്നൈ: ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് എഐഡിഎംകെ നേതാവ് പി.എച്ച് പാണ്ഡ്യന്‍. ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് മറച്ചുവച്ചു.

ജയലളിത മരിക്കുന്നതിന് മുന്‍പ് പോയസ് ഗാര്‍ഡനില്‍ തര്‍ക്കം നടന്നുവെന്നും ചിലര്‍ ജയലളിതയെ പിടിച്ചുതള്ളിയെന്നുമാണ് പാണ്ഡ്യന്‍ ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജയലളിതയുടെ തോഴി വി.കെ.ശശികലയ്ക്ക് നേരെയാണ് പാണ്ഡ്യന്റെ ആരോപണങ്ങളെല്ലാം. അമ്മയുടെ മരണത്തിന് പിന്നാലെ ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം നേടിയെടുത്തുവെന്നും ഒരു മാസം കൂടി പിന്നിട്ടപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനവും നേടിയെന്നാണ് പി.എച്ച്.പാണ്ഡ്യന്റെ ആരോപണം.

ജയലളിത ആശുപത്രിയിലായ സെപ്റ്റംബര്‍ 22ന് അവരെ പോയസ് ഗാര്‍ഡനില്‍ ആരോ തള്ളിയിട്ട് പരിക്കേല്‍പ്പിച്ചു. പിന്നീട് വളരെ വൈകിയാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സകള്‍ എല്ലാം വൈകിക്കുകയും ചെയ്തു. അമ്മ മരിച്ചപ്പോള്‍ ശശികലയുടെ കണ്ണില്‍ നിന്നും ഒരിറ്റ് കണ്ണൂനീര്‍ പോലും വീണില്ല. എന്തെങ്കിലും വിഷമം അവര്‍ക്കുണ്ടായിരുന്നെങ്കില്‍ ഒരു മാസത്തിനകം അധികാര സ്ഥാനങ്ങളിലേക്ക് എത്തില്ലായിരുന്നുവെന്നും പി.എച്ച്.പാണ്ഡ്യന്‍ പറഞ്ഞു.

ജയലളിത മരിച്ചത് കടുത്ത പ്രമേഹരോഗം മൂലമാണെന്നും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ അവരുടെ ഒന്നിലധികം അവയവങ്ങള്‍ നിശ്ചലമായിരുന്നുവെന്നും അപ്പോളോയില്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ലണ്ടനിലെ വിദഗ്ധ ഡോക്ടറും വിശദീകരിച്ചിരുന്നു.

എന്നാല്‍ പി.എച്ച്.പാണ്ഡ്യന്റെ ആരോപണങ്ങളെ തള്ളി എഐഎഡിഎംകെ രംഗത്ത് വന്നു. ജയലളിതയുടെ മരണത്തില്‍ മുന്‍പും പാണ്ഡ്യന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പാര്‍ട്ടിയില്‍ ഇത് സംബന്ധിച്ച് ഒരു ഭിന്നതയുമില്ല. പാര്‍ട്ടിയില്‍ ഭിന്നിപ്പാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചിലരുടെ ശ്രമമെന്നും എഐഎഡിഎംകെ നേതൃത്വം പ്രതികരിച്ചു.

Top