IB report against Sasikala in chennai-will affect BJP

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ സ്ഥിതി സംബന്ധമായി കേന്ദ്ര സര്‍ക്കാറിന് ലഭിച്ച ഐ ബി റിപ്പോര്‍ട്ടാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ശശികലക്ക് ഗവര്‍ണ്ണര്‍ ‘ഗ്രീന്‍ സിഗ്‌നല്‍’ നല്‍കാത്തതിന് പിന്നിലെന്ന് സൂചന.

ജയലളിതയുടെ മരണശേഷം തമിഴ്‌നാട്ടിലെ രാഷ്ട്രീയ സ്ഥിതി സംബന്ധമായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടുകളൊന്നും തന്നെ ശശികലക്കോ അവരുടെ മന്നാര്‍ഗുഡി കുടുംബത്തിനോ ഒട്ടും അനുകൂലമായിരുന്നില്ലന്നാണ് അറിയുന്നത്

ജയലളിത പ്രതിനിധീകരിച്ചിരുന്ന ആര്‍.കെ നഗറില്‍ ശശികല മത്സരിച്ചാല്‍ ജയിക്കില്ലന്നും അവര്‍ക്ക് അണ്ണാ ഡിഎംകെ അണികളില്‍ പോലും പിന്തുണയില്ലന്നും, മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിനെതിരെ പൊതു സമൂഹത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മാത്രമല്ല അടുത്ത ദിവസങ്ങളില്‍ തന്നെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് ശശികലയുള്‍പ്പെടെ പ്രതിയായ കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കുന്നതും കേന്ദ്രത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ വഴി ഒരുക്കുന്നതായി.

വിധി ശശികലക്ക് എതിരാവാന്‍ സാധ്യതയുണ്ടെന്ന നിഗമനങ്ങളാണ് നിയമ വിദഗ്ദരില്‍ നിന്ന് പോലും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

ഈ പശ്ചാതലത്തില്‍ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താല്‍ തമിഴ്‌നാട്ടില്‍ മാത്രമല്ല രാജ്യത്ത് തന്നെ വ്യാപകമായി അതിന്റെ പ്രതിധ്വനികള്‍ ഉണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലാകുമെന്നും ബി ജെ പി യും ഭയക്കുന്നു.

പ്രത്യേകിച്ച് പ്രധാനമന്ത്രിക്കും ബി ജെ പിക്കും ഏറെ നിര്‍ണ്ണായകമായ യു പി ഉപതിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍…

ഈ കാര്യങ്ങള്‍ പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞക്ക് അനുമതി കൊടുക്കാതെ മുംബൈക്ക് പറന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

സംസ്ഥാനം വിടുന്നതിന് മുന്‍പ് സ്ഥിതിഗതികളെ കുറിച്ച് എജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ഗവര്‍ണ്ണറുടെ നടപടിയും ഭരണപക്ഷമായ അണ്ണാ ഡിഎംകെയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ശശികലക്ക് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പറ്റാത്ത സാഹചര്യം വന്നാല്‍ അണ്ണാ ഡിഎംകെ നേതൃത്വത്തില്‍ വന്‍ പൊട്ടിത്തെറിക്കും രഷ്ട്രീയ നിരീക്ഷകര്‍ സാധ്യത കാണുന്നുണ്ട്.

ശശികല മുഖ്യമന്ത്രിയാകുമെന്ന ഒറ്റ കാരണത്താലാണ് ഇപ്പോള്‍ അവരുടെ കൂടെ എം എല്‍ എമാരും എം പിമാരും ഉള്ളതെന്ന കാരണമാണ് നിഗമനത്തിന്റെ അടിസ്ഥാനം.

ഇപ്പോള്‍ തന്നെ അണികളില്‍ നല്ലൊരു വിഭാഗം ജയലളിതയുടെ സഹോദരി പുത്രി ദീപക്കൊപ്പമാണ്.

ജയലളിത പ്രതിനിധീകരിച്ച മണ്ഡലത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി മത്സരിക്കാനുള്ള ശ്രമത്തിലാണവര്‍. 24 ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനം അവരുടെ ഭാഗത്ത് നിന്നുണ്ടാകും

തന്നെ പുകച്ച് പുറത്ത് ചാടിക്കുന്നതില്‍ കടുത്ത അതൃപ്തിയുള്ള മുഖ്യമന്ത്രി പനീര്‍ശെല്‍വവും ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്. ബി ജെ പി നേതൃത്വവുമായി വളരെ അടുത്ത ബന്ധമുള്ള പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരട്ടെ എന്ന ബി ജെ പി നേതൃത്വത്തിന്റെ അഭിപ്രായവും ശശികല വിഭാഗം അംഗീകരിച്ചിരുന്നില്ല. ഇതും ബി ജെ പി നേതൃത്വത്തെ ചൊടിപ്പിച്ച ഘടകമാണ്. കേന്ദ്ര സര്‍ക്കാറിന് ഇപ്പോഴും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ പല ബില്ലുകളും പാസാക്കാന്‍ അണ്ണാ ഡിഎംകെ എംപിമാരുടെ സഹായവും ആവശ്യമാണ്.

ശശികല മുഖ്യമന്ത്രിയാവണമെന്ന് ആദ്യം ആവശ്യപ്പെട്ടത് തന്നെ അണ്ണാ ഡിഎംകെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ തമ്പി ദുരൈ എം പിയാണ്. മുഖ്യമന്ത്രി പനീര്‍ ശെല്‍വവുമായി അഭിപ്രായ ഭിന്നതയുള്ള അദ്ദേഹം മുതലെടുപ്പ് നടത്തുകയായിരുന്നു.

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് സജീവമായി തമിഴ്‌നാട് ഭരണത്തില്‍ ഇടപെട്ട ബി ജെ പി നേതൃത്വം അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയെ ഒപ്പം നിര്‍ത്തി നേട്ടം കൊയ്യാമെന്നാണ് ധരിച്ചിരുന്നത്.

ജയലളിതയോടുള്ള തമിഴ്‌നാട് ജനതയുടെ സഹതാപം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നായിരുന്നു കണക്ക് കൂട്ടല്‍.

എന്നാല്‍ ജയലളിതയുടെ മരണം സംബന്ധിച്ച് ഉയര്‍ന്ന സംശയങ്ങള്‍ ശശികലയെ ഒരു ‘വില്ലത്തി’യായാണ് തമിഴക മനസ്സില്‍ സൃഷ്ടിച്ചത്.

ജയലളിതക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയ മോദി ശശികലയുടെ തലയില്‍ പിടിച്ച് ആശ്വസിപ്പിക്കുന്ന ദൃശ്യം മോദിക്കും ബിജെപിക്കും ഇപ്പോള്‍ ‘പാര’യുമായിട്ടുണ്ട്.

PicsArt_02-07-09.57.00

സമൂഹമാധ്യമങ്ങളില്‍ ഈ ഫോട്ടോ വയറലാണ്. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള കരിമ്പൂച്ചകളുടെ കാവലിലാണ് ജയലളിത കഴിഞ്ഞിരുന്നത് എന്നതിനാല്‍ കേന്ദ്ര സര്‍ക്കാറിനും ഉത്തരവാദിത്വമുണ്ടെന്നാണ് പ്രചാരണം.

തമിഴ്‌നാട്ടില്‍ പുതിയ ശക്തിയായി ജയലളിതയുടെ സഹോദരി പുത്രി കടന്ന് വരുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സഖ്യമാകാന്‍ കഴിഞ്ഞില്ലങ്കില്‍ പോലും അവരെ വെറുപ്പിച്ചാല്‍ മോദിയുടെ രണ്ടാം ഊഴത്തിന് പാരയാകുമോ എന്ന ആശങ്ക ബി ജെ പി കേന്ദ്ര നേതാക്കള്‍ക്കിടയിലുമുണ്ട്.

42 ലോക്‌സഭാ അംഗങ്ങളുള്ള തമിഴ്‌നാട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ എം പിമാരെ സംഭാവന ചെയ്യുന്ന സംസ്ഥാനമാണ്.

ഇപ്പോള്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കേന്ദ്രം നടത്തുന്ന ‘ഇടപെടലുകള്‍ക്ക് ‘പിന്നിലും ആ 42 ന്റെ സാധ്യത തേടലാണ്.

അതേസമയം ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അമ്മയുടെ ആരോഗ്യനിലയെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് മറച്ചുവച്ചുമെന്ന ആരോപണവുമായി എഐഡിഎംകെ നേതാവ് പി.എച്ച് പാണ്ഡ്യന്‍ ശശികലക്കെതിരെ രംഗത്ത് വന്നിരുന്നു.

അമ്മയുടെ മരണത്തിന് പിന്നാലെ ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം നേടിയെടുത്തുവെന്നും ഒരു മാസം കൂടി പിന്നിട്ടപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനവും നേടിയെന്നാണ് പി.എച്ച്.പാണ്ഡ്യന്റെ ആരോപണം.

ജയലളിത ആശുപത്രിയിലായ സെപ്റ്റംബര്‍ 22ന് അവരെ പോയസ് ഗാര്‍ഡനില്‍ ആരോ തള്ളിയിട്ട് പരിക്കേല്‍പ്പിച്ചു. പിന്നീട് വളരെ വൈകിയാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സകള്‍ എല്ലാം വൈകിക്കുകയും ചെയ്തു. അമ്മ മരിച്ചപ്പോള്‍ ശശികലയുടെ കണ്ണില്‍ നിന്നും ഒരിറ്റ് കണ്ണൂനീര്‍ പോലും വീണില്ല. എന്തെങ്കിലും വിഷമം അവര്‍ക്കുണ്ടായിരുന്നെങ്കില്‍ ഒരു മാസത്തിനകം അധികാര സ്ഥാനങ്ങളിലേക്ക് എത്തില്ലായിരുന്നുവെന്നും പി.എച്ച്.പാണ്ഡ്യന്‍ പറഞ്ഞിരുന്നു.

എഐഡിഎംകെയുടെ മുതിര്‍ന്ന നേതാവിന്റെ ഈ വെളിപ്പെടുത്തല്‍ ശശികലയെ കൂടുതല്‍ പരുങ്ങലിലാക്കിയിരിക്കുകയാണ്.

Top