state assembly elections; punjab goa ready poll

പനാജി: നിയമസഭാ തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് ഗോവയിലും പഞ്ചാബിലും വോട്ടെടുപ്പ് ആരംഭിച്ചു. രണ്ടു സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഗോവയില്‍ രാവിലെ ഏഴിനും പഞ്ചാബില്‍ എട്ടിനുമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പഞ്ചാബില്‍ 1.05 കോടി വോട്ടര്‍മാരും ഗോവയില്‍ 11.10 ലക്ഷം വോട്ടര്‍മാരുമാണുള്ളത്.

പഞ്ചാബില്‍ 117 മണ്ഡലങ്ങളിലായി 1145 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഭരണകക്ഷിയായ ശിരോമണി അകാലിദള്‍-ബിജെപി സഖ്യവും കോണ്‍ഗ്രസും തമ്മിലുള്ള കടുത്ത പോരാട്ടത്തിനൊപ്പം ആം ആദ്മി കൂടി ചേരുന്നതോടെ പഞ്ചാബ് കടുത്ത മത്സരത്തിന് വേദിയാകും.

സംസ്ഥാനത്ത് കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നതെങ്കിലും എഎപിയുടെ കടന്നു വരവ് പ്രവചനങ്ങള്‍ക്ക് അതീതമായ സാഹചര്യമാണ് ഉണ്ടാക്കിയിരുന്നത്. ശിരോമണി അകാലിദള്‍56, ബിജെപി12, കോണ്‍ഗ്രസ്56 എന്നിങ്ങനെയാണ് പഞ്ചാബിലെ കക്ഷിനില.

ഗോവയില്‍ 40 മണ്ഡലങ്ങളിലായി 250 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. നിലവില്‍ അധികാരത്തിലിരിക്കുന്ന ബിജെപിക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് ഗോവയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസില്‍ നിന്നുള്ള കടുത്ത വെല്ലുവിളിക്ക് പുറമെ സഖ്യകക്ഷിയായിരുന്ന എംജിപിയും ശിവസേനയും ഉള്‍പ്പെടെയുള്ളവര്‍ ബദല്‍ മുന്നണി രൂപീകരിച്ചതും ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് ലഭിക്കുന്ന വിവരം.

35 ശതമാനം വോട്ടും 21 സീറ്റുകളുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗോവയില്‍ ബിജെപിക്ക് ലഭിച്ചത്. 31 ശതമാനം വോട്ടുകള്‍ നേടിയെങ്കിലും ഒമ്പത് സീറ്റേ കോണ്‍ഗ്രസിന് നേടാനായുള്ളൂ. എംജിപി3, ഗോവ വികാസ് പാര്‍ട്ടി2, സ്വതന്ത്രര്‍5 എന്നിങ്ങനെയാണ് ഗോവന്‍ നിയമസഭയിലെ നിലവിലെ കക്ഷിനില.

Top