സ്വകാര്യ വിവരങ്ങൾ ടിക്ടോക്കിൽ ലംഘിക്കപ്പെട്ടതായി 12 വയസുകാരി

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ലംഘിക്കപ്പെട്ടുവെന്ന പരാതിയുമായി ടിക്ടോക്കിനെതിരെ 12 വയസുകാരി. സ്വകാര്യതയുമായി ബന്ധപ്പെട്ട പരാതിയായതിനാല്‍ തന്നെ കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കുട്ടിയ്ക്ക് വേണ്ടി ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മീഷണറാവും കോടതിയില്‍ ഹാജരാവുക. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക്ക് ഇതിനകം തന്നെ വിവിധ രാജ്യങ്ങളില്‍ പല കാരണങ്ങളാല്‍ നിയമനടപടി നേരിടുന്നുണ്ട്. ടിക്ടോക്ക് ഉപഭോക്തൃവിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതികള്‍ പരിശോധിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും കമ്പനി ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നാണ് ടിക്ടോക്ക് ആവര്‍ത്തിച്ചുള്ള മറുപടി. പ്രത്യേകിച്ചും തങ്ങളുടെ യുവാക്കളായ ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ശക്തമായ നയങ്ങളും നടപടികളും സാങ്കേതികവിദ്യകളും തങ്ങള്‍ക്കുണ്ടെന്നും ടിക്ടോക്ക് പ്രസ്താവനയില്‍ പറഞ്ഞു.

Top