ഓണ്‍ലൈന്‍ ക്ലാസിന്റെ സമ്മര്‍ദ്ദം; 12കാരി ജിവനൊടുക്കി, ഫോണില്ലാത്തതിനാല്‍ 16 കാരനും

അഹമ്മദാബാദ്: ഓണ്‍ലൈന്‍ ക്ലാസിന്റെയും ഹോംവര്‍ക്കിന്റെയും സമ്മര്‍ദം സഹിക്കാനാകാതെ ഗുജറാത്തില്‍ 12കാരി ജീവനൊടുക്കി. രാജ്‌കോട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഓണ്‍ലൈന്‍ ക്ലാസിന്റെയും ഹോംവര്‍ക്കിന്റെയും സമ്മര്‍ദം മാത്രമല്ല, സഹപാഠികളെ കാണാന്‍ സാധിക്കാത്തതിന്റെ വിഷമവും ഖുശി എന്ന എട്ടാംക്ലാസുകാരിയുടെ മരണത്തിനിടയാക്കിയെന്ന് അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച രാവിലെ ഹോംവര്‍ക്കുകള്‍ ചെയ്ത് തീര്‍ക്കുവാന്‍ അമ്മ ആവശ്യപ്പെട്ടപ്പോള്‍ മുറിക്കുള്ളിലേക്ക് കയറിയ ഖുശിയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിനുസമീപം ഓട്ടോ ഗാരേജ് നടത്തുന്ന പിതാവ് രോഹിത് ശിങ്കാദിയക്ക് ലോക്ഡൗണ്‍ തുടങ്ങിയതോടെ വരുമാനം ഇല്ല. എന്നിട്ടും മകളുടെ പഠനം മുടങ്ങാതിരിക്കാനായി 10,000 രൂപ നല്‍കി സ്മാര്‍ട്ട് ഫോണ്‍ വാങ്ങുകയായിരുന്നു. വീട്ടിലെ വൈദ്യുതി ബില്‍ പോലും അടക്കാന്‍ കഴിയാതെ ഇരുന്നപ്പോഴാണ് ഫോണ്‍ വാങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു.

അതേസമയം, അസമില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഫോണ്‍ ഇല്ലാത്തതില്‍ മനംനൊന്ത് 16കാരന്‍ ജീവനൊടുക്കി. ചിരാംഗ് ജില്ലയിലാണ് നിര്‍ധന കുടുംബത്തില്‍ നിന്നുള്ള പത്താംക്ലാസുകാരന്‍ വീടിനടുത്തുള്ള പറമ്പില്‍ തൂങ്ങിമരിച്ചത്. ഓണ്‍ലൈന്‍ ക്ലാസിലും പരീക്ഷകളിലും പങ്കെടുക്കാന്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ 16കാരന്‍ ദുഃഖിതനായിരുന്നെന്ന് ചിരാംഗ് പൊലീസ് സൂപ്രണ്ട് സുധാകര്‍ സിങ് പറഞ്ഞു.

16കാരെന്റെ മാതാവ് ജോലി തേടി ബംഗളൂരുവിലാണ്. പിതാവിനാകട്ടെ, ഫോണ്‍ വാങ്ങി നല്‍കാനുള്ള വരുമാനവുമില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടമാകുന്നതിന്റെ വിഷമം 16കാരന്‍ അയല്‍വാസികളുമായി പങ്കുവെച്ചിരുന്നെന്നും സുധാകര്‍ സിങ് പറഞ്ഞു.

Top