കൊവിഡ് മരണം; അസീസ് ചികിത്സ തേടിയ ഗോകുലം മെഡിക്കല്‍ കോളേജിലെ 12 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: പോത്തന്‍കോട് കൊറോണ വൈറസ് ബാധിച്ച് മരിച്ച അസീസ് നേരത്തെ ചികിത്സ തേടിയ തിരുവനന്തപുരം വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലെ 12 പേര്‍ നിരീക്ഷണത്തില്‍. മൂന്ന് ഹൗസ് സര്‍ജന്‍മാര്‍, രണ്ട് പിജി വിദ്യാര്‍ത്ഥികള്‍, മൂന്ന് സ്റ്റാഫ് നഴ്‌സുമാര്‍, രണ്ട് നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, ഒരു ഇസിജി ടെക്‌നീഷ്യന്‍, അറ്റന്‍ഡര്‍ എന്നിവരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

ഇതില്‍ രണ്ട് ഹൗസ് സര്‍ജന്‍ ആശുപത്രിയിലും മറ്റുള്ളവരെ അവരവരുടെ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

അതേസമയം അസീസിന്റെ മരണത്തെ തുടര്‍ന്ന് പോത്തന്‍കോട് മേഖലയിലുണ്ടായ ആശങ്ക പരിഹരിക്കുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികളുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഇത് അല്‍പസമയത്തിനകം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കും.

അസീസിന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതായാണ് പ്രാഥമിക നിഗമനമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു.ഇയാള്‍ ഗള്‍ഫില്‍നിന്നു വന്നവരുമായി ഇടപഴകിയതായും മരിച്ചയാളുടെ ബന്ധുക്കളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നുമാണ് ആരോഗ്യമന്ത്രി പ്രതികരിച്ചിരുന്നത്.

മാര്‍ച്ച് 10-ന് തന്നെ ഇദ്ദേഹം അസുഖബാധിതനായി നിരീക്ഷണത്തിലായിരുന്നു. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള സാമൂഹിക വ്യാപനം നടന്നിട്ടുണ്ടെങ്കില്‍ നേരത്തെ തന്നെ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നുവെന്നുമാണ് മന്ത്രി പറഞ്ഞത്.അതേസമയം രണ്ടാമത്തെ കൊവിഡ് രോഗിയായ അസീസിന്റെ മരണത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

Top