കര്‍ഷകപ്രതിഷേധത്തിനു പിന്തുണ പ്രഖ്യാപിച്ച് 12 രാഷ്ട്രീയ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തിനു ആറു മാസം തികയുന്ന 26 നു സംയുക്ത കര്‍ഷകസമരസമിതി നേതൃത്വത്തില്‍ കരിദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തതോടെ ഇതിനു പിന്തുണ പ്രഖ്യാപിച്ച് 12 പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ട് വന്നു. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ (ജെഡിഎസ്), എന്‍സിപി അധ്യക്ഷന്‍ ശരദ്പവാര്‍ തുടങ്ങിയവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി (തൃണമൂല്‍), ഉദ്ധവ് താക്കറേ(ശിവസേന), എം കെ സ്റ്റാലിന്‍ (ഡിഎംകെ), ഹേമന്ത് സോരന്‍ (ജെഎംഎം) എന്നിവരാണ് പ്രതിഷേധദിനാചരണത്തിനു പിന്തുണ പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്),അഖിലേഷ് യാദവ് (എസ് പി) ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവ് എന്നിവരാണ് മറ്റു നേതാക്കള്‍.

രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകര്‍ കോവിഡ് മഹാമാരിക്ക് ഇരകളാകുന്നത് ഒഴിക്കാന്‍ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ പാര്‍ടികളുടെ നേതാക്കള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.കഴിഞ്ഞ നവംബറില്‍ 26 നു ഡല്‍ഹി അതിര്‍ത്തികളില്‍ ആരംഭിച്ച കാര്‍ഷിക പ്രക്ഷോഭം ശക്തമായി തന്നെ തുടരുകയാണ്. സ്വാമിനാഥന്‍ കമ്മീഷനു ശുപാര്‍ശ പ്രകാരമുള്ള മിനിമം താങ്ങുവില നിയമപരമായി പ്രഖ്യാപിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top