യു.എൻ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 12 മരണം

ഗസ്സയിലെ നികൃഷ്ടമായ സിവിലിയൻ കൂട്ടക്കുരുതി ഇസ്രായേൽ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ. തെക്കൻ ഗസ്സയിലെ യു.എൻ അഭയാർഥി ക്യാമ്പിലുണ്ടായ ബോംബാക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യു.എൻ മാനുഷിക സഹായ ഓഫിസിന്റെ പ്രതികരണം.

ഖാൻ യൂനിസിലെ സിവിലിയൻ കേന്ദ്രങ്ങൾക്കുനേരെ നടത്തുന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതും ഉടൻ അവസാനിപ്പിക്കേണ്ടതുമാണ്. ഖാൻ യൂനിസിലെ നാസർ, അൽ അമൽ ആശുപത്രികൾക്കു സമീപം രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നു. ഭീകരാന്തരീക്ഷത്തിലാണ് ആരോഗ്യപ്രവർത്തകർ അടിയന്തര സേവനം നൽകുന്നത്. ഇസ്രായേൽ സൈന്യം മേഖല ഉപരോധിച്ചിരിക്കുകയാണ് -യു.എൻ ഓഫിസ് കോഓഡിനേറ്റർ തോമസ് വൈറ്റ് പറഞ്ഞു. അതിനിടെ, ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്നാരോപിച്ച് ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും.

അതേസമയം, ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യതന്നെയെന്ന് യു.എസിൽ ഇക്കണോമിസ്റ്റ്/യൂഗവ് പോൾ നടത്തിയ സർവേയിൽ 35 ശതമാനം പേർ അഭിപ്രായപ്പെട്ടു. 18-29 പ്രായപരിധിയിലെ 49 ശതമാനം പേരും കരുതുന്നത് ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്നാണ്.

Top