Marijuana chocolates: Hyderabad doctor arrested for selling drugs on Instagram

arrest

ഹൈദരാബാദ് :കഞ്ചാവ് അടങ്ങിയ ചോക്ലേറ്റുകള്‍ സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റാഗ്രാം വഴി കച്ചവടം നടത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍.

ബഹാദൂര്‍പുരയിലെ ന്യൂറോളജിസ്റ്റ് മുഹമ്മദ് സുജത് അലിഖാനാണ് (35) അറസ്റ്റിലായത്.

കഞ്ചാവ് ചേര്‍ത്തുണ്ടാക്കിയ പ്രത്യേക ചോക്ലേറ്റ് സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാള്‍ വിറ്റിരുന്നത്. ഒരു ചോക്ലേറ്റിന് 500 രൂപ മുതല്‍ 1800 രൂപ വരെ വിലയിട്ടായിരുന്നു വില്‍പന.

കഴിഞ്ഞ 2 വര്‍ഷമായി ഇന്‍സ്റ്റാഗ്രാം വഴി ഇദ്ദേഹം കഞ്ചാവ് ചോക്ലേറ്റുകള്‍ വില്‍പന നടത്തുന്നുണ്ടായിരുന്നു. ഇതേക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ കെ നരസിങ് റാവുവിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഓപറേഷന്‍ ടീമാണ് പ്രതിയെ പിടികൂടിയത്.

പ്രദേശത്തെ ഒരു ജിമ്മിലെ കണ്‍സള്‍ട്ടന്റായി സേവനം നടത്തുന്നതിനിടെയാണ് ലഹരിക്കടിമകളായ യുവാക്കള്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വീഡിയോകള്‍ നിരന്തരം കണ്ട് ചോക്ലേറ്റ് നിര്‍മ്മാണം പഠിച്ചു.

നാടന്‍ വില്‍പനക്കാരില്‍ നിന്നാണ് ഇദ്ദേഹം കഞ്ചാവ് ശേഖരിച്ചിരുന്നത്. ഇത് തരിയില്ലാതെ പൊടിച്ചെടുത്ത് ചോക്ലേറ്റ് മിശ്രിതത്തില്‍ ചേര്‍ത്താണ് മിഠായികള്‍ ഉണ്ടാക്കിയിരുന്നത്. വിവിധ നിറങ്ങളിലുള്ള ചോക്ലേറ്റുകളില്‍ ആകൃഷ്ഠരായ യുവാക്കളില്‍ നിന്ന് നിരന്തരം ഫോണ്‍ കോളുകള്‍ വന്നതോടെ ബിസിനസില്‍ ഡോക്ടര്‍ കൂടുതല്‍ സജീവമായി.

കഞ്ചാവിന്റെ വീര്യത്തിനനുസരിച്ച് അതിന് പ്രത്യേക പേരുകളിട്ടു. ആവശ്യക്കാരില്‍ കൂടുതലും യുവതികളായിരുന്നുവെന്നാണ് ഡോക്ടര്‍ പറയുന്നത്.

കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ, പൂണെ, വെല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു ആവശ്യക്കാരിലധികവും. പ്രതിമാസം 40000നും 60000ത്തിനും ഇടയില്‍ ഇദ്ദേഹം ഈ കച്ചവടം വഴി സമ്പാദിച്ചിരുന്നു. ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയായിരുന്നു പണമിടപാട് നടത്തിയിരുന്നത്. ഉത്പന്നങ്ങള്‍ കൊറിയര്‍ വഴിയാണ് ഉപഭോക്താക്കള്‍ക്ക് എത്തിച്ചിരുന്നത്.

Top