Virat kohli

നാഗ്പൂര്‍: കാണ്‍പൂരില്‍നിന്ന് നാഗ്പൂരിലേക്ക് ടീം ഇന്ത്യ രണ്ടാം ട്വന്റി20 ക്രിക്കറ്റിനെത്തുമ്പോള്‍ ലക്ഷ്യം വിജയം മാത്രമാണ്. പരമ്പരയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വിരാട് കോഹ്‌ലിക്കും സംഘത്തിനും വിജയത്തില്‍ കുറഞ്ഞതൊന്നും പോരാ.വൈകീട്ട് ഏഴുമുതലാണ് പരമ്പരയിലെ രണ്ടാം മത്സരം.

ഇന്ത്യയുടെ സമ്പൂര്‍ണ ക്യാപ്റ്റനായി ചുമതലയേറ്റ കോഹ്‌ലിയുടെ ആദ്യ ട്വന്റി20 പരമ്പരയാണിത്.പരാജയപ്പെട്ടാല്‍ ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലിയുടെ ആദ്യ പരമ്പര തോല്‍വികൂടിയാവും ഇത്.മറുഭാഗത്ത് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ടി20 യിലെ ആദ്യമത്സരത്തിലും നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാവും ഇയാന്‍ മോര്‍ഗനും സംഘവും കളത്തിലിറങ്ങുക.

ബൗളിങ്ങിലും ബാറ്റിങ്ങിലും ആദ്യ കളിയില്‍ ഇന്ത്യ വന്‍ പരാജയമായിരുന്നു.ബാറ്റിങ്ങില്‍ മികച്ച വ്യക്തിഗത പ്രകടനവും മത്സരത്തില്‍ ഇന്ത്യന്‍താരങ്ങള്‍ കാഴ്ചവെച്ചില്ല.ഏകദിനത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ട ഇന്ത്യന്‍ ഓപ്പണിങ് ബാറ്റിങ് ആദ്യ ടി20 മത്സരത്തിലും വിജയം കണ്ടില്ല.ഏകദനിത്തില്‍ 13, 14, 13 എന്നിങ്ങനെയാണ് ഓപ്പണിങ് കൂട്ടുകെട്ടില്‍ പിറന്നത്. അത് ട്വന്റി 20യിലേക്കെത്തിയപ്പോള്‍ 34 ആയി ഉയര്‍ന്നെങ്കിലും അതില്‍ കൂടുതല്‍ റണ്‍സും സ്വന്തമാക്കിയത് ഓപ്പണറുടെ റോളിലെത്തിയ നായകന്‍ കോഹ്‌ലിയായിരുന്നു. ഓപ്പണിങ് ബാറ്റ്‌സ്മാനായ ലോകേഷ് രാഹുലിന്റെ മോശം ഫോമാണ് മുഖ്യതലവേദന. ഏകദിന പരമ്പരയില്‍ 24 റണ്‍സും ടി20 യിലെ ആദ്യ മത്സരത്തില്‍ എട്ടും റണ്‍സ് മാത്രമാണ് രാഹുല്‍ നേടിയത്.നല്ല തുടക്കമാണ് നിര്‍ണായകമത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ ആഗ്രഹിക്കുന്നത്. രാഹുലിനെ മാറ്റാന്‍ ടീം തീരുമാനമെടുത്താല്‍ ഋഷഭ് പന്തിനായിരിക്കും നറുക്ക് വീഴുക

ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും തുണയ്ക്കുന്ന പിച്ചാണ് നാഗ്പൂരിലേത്. അതുകൊണ്ടുതന്നെ ടോസ് നേടിയ ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. നാഗ്പൂരില്‍ കളിച്ച രണ്ടു ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. രണ്ടുതവണയും സ്‌കോര്‍ പിന്തുടരുമ്പോഴാണ് പരാജയപ്പെട്ടത്. നാഗ്പൂരില്‍ നടന്ന 10 ടി20 യില്‍ ഏഴിലും ആദ്യം ബാറ്റ് ചെയ്ത ടീം വിജയം കണ്ടപ്പോള്‍ മൂന്നുതവണ മാത്രമാണ് രണ്ടാമത് ബാറ്റുചെയ്ത ടീം വിജയിച്ചത്.

Top