modi showed the strength of the world; next aim is assembly election

ന്യൂഡല്‍ഹി: യു പി ഉള്‍പ്പെടെ അഞ്ച് നിര്‍ണ്ണായക സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബി ജെ പിയുടെ പ്രചരണം മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ച്.

സംസ്ഥാനങ്ങളിലെ വിഷയങ്ങള്‍ സജീവമാക്കി നിര്‍ത്തുമ്പോഴും മോദി പ്രഭാവം മുന്‍നിര്‍ത്തി വേണം പ്രചരണ രംഗത്ത് മുന്നോട്ട് പോകാനെന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ലോകത്ത് ഏറ്റവും അധികം പേര്‍ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്ന നേതാവ് നരേന്ദ്ര മോദിയാണ് എന്നത് മധ്യവര്‍ഗ്ഗത്തിനിടയിലും വിദ്യാര്‍ത്ഥി-യുവജന സമൂഹത്തിനിടയിലും ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിന് വഴി ഒരുക്കുമെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ പ്രതീക്ഷ.

ഒബാമ അമേരിക്കന്‍ പ്രസിഡന്റ് പദം ഒഴിഞ്ഞതോടെയാണ് മോദി നമ്പര്‍ വണ്‍ സ്ഥാനം കരസ്ഥമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആണ് രണ്ടാം സ്ഥാനത്ത്.

പ്രശസ്ത അന്താരാഷ്ട്ര മാഗസിനായ ടൈം മാഗസിന്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലും ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിരുന്നത് മോദിക്കായിരുന്നു. എന്നാല്‍ പിന്നീട് വിദഗ്ദ പാനല്‍ ‘ വര്‍ഗ്ഗ സ്വഭാവം ‘ കാണിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഒന്നാമതെത്തി.
ട്വിറ്ററില്‍ ജപ്പാന്‍ പ്രധാനമന്ത്രിവരെയുണ്ട് മോദിയെ ഫോളോ ചെയ്യുന്ന പ്രമുഖരുടെ കൂട്ടത്തില്‍.

ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം അമേരിക്കയിലെ പ്രമുഖ വിദേശകാര്യ മാസിക പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളില്‍ ആറാം സ്ഥാനത്ത് ഇന്ത്യയാണ്.ലോക ശക്തിയെന്ന നിലയില്‍ നരേന്ദ്ര മോദിക്ക് കീഴില്‍ വന്‍ വളര്‍ച്ചയാണ് ഇന്ത്യ നേടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നോട്ട് അസാധുവാക്കല്‍ നടപടി സൃഷ്ടിച്ച ആഭ്യന്തര പ്രശ്‌നങ്ങളും പാകിസ്ഥാനുമായുള്ള സംഘര്‍ഷങ്ങള്‍ തീര്‍ത്ത പ്രതിസന്ധികളും തരണം ചെയ്ത് 2016ല്‍ ഇന്ത്യ കരുത്തുകാട്ടിയെന്നാണ് അമേരിക്കന്‍ മാഗസിന്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ നരേന്ദ്ര മോദിയുടെ ഇമേജ് കുത്തനെ ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിനകത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അടിതെറ്റിയാല്‍ അത് ലോകജനതക്കിടയില്‍ തന്നെ നാണക്കേടാവുമെന്നതിനാല്‍ ശ്രദ്ധാപൂര്‍വ്വമാണ് ബി ജെ പിയുടെ കരുനീക്കങ്ങള്‍.

സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസ്സ് സഖ്യവ്യം ബി എസ് പിയുമെല്ലാം ശക്തരായ എതിരാളികളാണെങ്കിലും യുപി ഭരണം നിഷ്പ്രയാസം പിടിക്കാന്‍ പറ്റുമെന്ന ആത്മ വിശ്വാസത്തിലാണ് ബി ജെ പി.

ലോകം തന്നെ മോദിയുടെ നേതൃത്വത്തെ അംഗീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിന് അനുസൃതമായ നിലപാട് മോദിയുടെ പാര്‍ട്ടിയോട് യു പി ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളും സ്വീകരിക്കണമെന്നാണ് ബി ജെ പി ആവശ്യപ്പെടുന്നത്. ഇതിന് ആവശ്യമായ തരത്തിലുള്ള പ്രചരണങ്ങളാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാകെ പാര്‍ട്ടി നടത്തി വരുന്നത്.

പ്രധാനമന്ത്രി പ്രചാരണ റാലികളില്‍ സജീവമാകുന്നതോടെ വന്‍ മുന്നേറ്റം ബിജെപിക്ക് ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. രാജ്യത്തെ പ്രതിപക്ഷത്തിന്റെ നാവടപ്പിക്കാനും മികച്ച വിജയം കാവിപ്പടക്ക് അനിവാര്യമാണ്.

Top