kannur police accused in kodiyeri bomb explostion

കണ്ണൂര്‍: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്ക് സമീപം നടന്ന ബോംബേറ് പൊലീസിന്റെ വീഴ്ച മൂലം.

ആര്‍ എസ് എസ്-സി പി എം സംഘര്‍ഷം നിലനില്‍ക്കുന്ന ജില്ലയില്‍ സി പി എം സംസ്ഥാന സെക്രട്ടറിയെ പോലെ ഏറ്റവും ഉന്നതനായ ഒരു നേതാവ് പങ്കെടുക്കുന്ന പൊതുയോഗസ്ഥലത്തും സമീപത്തും പൊലീസ് ജാഗ്രത പാലിച്ചിരുന്നുവെങ്കില്‍ ഈ ആക്രമണം തടയാന്‍ സാധിക്കുമായിരുന്നു.

കോടിയേരി പ്രസംഗിച്ച വേദിക്കടുത്ത് കരി ഓയല്‍ ഒഴിച്ച് വികൃതമാക്കിയപ്പോഴും പൊലീസിന്റെ സാനിധ്യം പോലും അവിടെ ഉണ്ടായിരുന്നില്ല എന്നതും ഒരു അക്രമിയെ പോലും പിടികൂടാന്‍ കഴിഞ്ഞില്ല എന്നതും സംസ്ഥാന പൊലീസിന് തന്നെ നാണക്കേടാണ്. ഈ സംഭവത്തിനു ശേഷം ബോംബേറ് നടന്ന തലശ്ശേരി നങ്ങാരത്ത് പീടികയിലെ തന്നെ സിപിഎം രക്തസാക്ഷി ജിജേഷ് സ്മാരക മന്ദിരത്തിനു നേരെയുള്ള ആക്രമണവും പൊലീസിന്റെ കഴിവുകേട് തുറന്ന് കാട്ടുന്നതാണ്.

കര്‍ക്കശകാരനായ യുവ ഐപിഎസുകാരന്‍ സഞ്ജയ് ഗരുഡിനെ സി പി എം ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റിയ സര്‍ക്കാര്‍, പാര്‍ട്ടി നിര്‍ദ്ദേശിച്ച കണ്‍ഫേഡ് ഐ പിഎസുകാരനായ കെ പി ഫിലിപ്പിനെയാണ് പകരം നിയമിച്ചിരുന്നത്. ജില്ലയില്‍ സിഐ ആയും ഡിവൈഎസ്പിയായുമെല്ലാം ജോലി ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ എസ് പി ഫിലിപ്പിന് കഴിയുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം.

കൊല്ലപ്പെട്ട ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകന്‍ സന്തോഷിന്റെ മൃതദേഹം വഹിച്ച വിലാപയാത്ര സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം നടന്ന വേദിക്ക് അരികിലൂടെ കൊണ്ട് പോകാന്‍ അനുവദിച്ച പൊലീസ് നടപടി ഏറെ വിവാദമായിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും സി പി എം നേതാക്കളും ക്ഷുഭിതരായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കാശ്യപിനെ സര്‍ക്കാര്‍ സ്ഥലം മാറ്റുകയും ചെയ്തു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഐജിയുടെ ഭാഗത്തല്ല എസ് പിയുടെ അടുത്താണ് പിഴവെന്നാണ് പൊലീസിനുള്ളിലെ തന്നെ സംസാരം.
ജില്ലയിലെ ക്രമസമാധാന ചുമതല നിര്‍വ്വഹിക്കാന്‍ ചുമതലപ്പെട്ട എസ് പി ആ കര്‍ത്തവ്യം നിര്‍വ്വഹിച്ചില്ലന്നാണ് ഉയര്‍ന്ന് വന്നിരുന്ന വിമര്‍ശനം. ഈ സംഭവത്തില്‍ സി പി എം നേതാക്കളെ എസ് പി തെറ്റി ധരിപ്പിച്ചതിനാലാണ് ഐ ജി ബലിയാടായതെന്നാണ് ആരോപണം.

സന്തോഷിന്റെ കൊലപാതകവും തുടര്‍ന്നുള്ള സംഘര്‍ഷാന്തരീക്ഷവും നിലനില്‍ക്കെ സി പി എം ആയാലും ബി ജെ പി-ആര്‍എസ്എസ് സംഘടനകളായാലും അവര്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കും നേതാക്കള്‍ക്കും ശക്തമായ സുരക്ഷ ഒരുക്കണമായിരുന്നുവെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പോലും അഭിപ്രായപ്പെടുന്നത്.

ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗവേദിക്ക് സമീപം നടന്ന ബോംബേറ് പോലും തടയാന്‍ കഴിയാതിരുന്നത് സംസ്ഥാന സര്‍ക്കാരിനും അപമാനമാണ് .

സംഭവത്തില്‍ രോഷാകുലരായ സി പി എം പ്രവര്‍ത്തകര്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമോ എന്ന ആശങ്കയും വ്യാപകമാണ്.
വീണ്ടും സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്കാണ് കണ്ണൂര്‍ നീങ്ങുന്നത്. നേതാക്കള്‍ പറഞ്ഞാല്‍ പോലും കേള്‍ക്കാത്ത അവസ്ഥയിലേക്ക് ഇരു പാര്‍ട്ടികളുടെയും അണികള്‍ ഇതിനകം തന്നെ മാറി കഴിഞ്ഞിട്ടുണ്ട്.

അതേസമയം തലശ്ശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പരിപാടിക്കു നേരെയുണ്ടായ ബോംബേറിനെ തുടര്‍ന്നു ജില്ലയില്‍ സംഘര്‍ഷം തുടരുകയാണ്. സംഭവത്തെ തുടര്‍ന്നു മട്ടന്നൂര്‍ നടുവനാടും ഉളിക്കലിലും ബിജെപി ഓഫിസിനു നേരെ ആക്രമണമുണ്ടായി. ഉളിക്കലിലെ അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Top