കോഴിക്കോട് മെഡി. കോളേജിലെ 190 ആരോഗ്യപ്രവർത്തകരുടെ ഫലം നെഗറ്റീവ്

കോഴിക്കോട്: കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടായതിനെത്തുടർന്ന് നിരീക്ഷണത്തിലായ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 190 ആരോഗ്യപ്രവർത്തകരിൽ 118 പേരുടെ ഫലവും നെഗറ്റീവാണെന്ന് ഡി.എം.ഒ വി.ജയശ്രീ അറിയിച്ചു

80 ഡോക്ടർമാരും 40 പാരാമെഡിക്കൽ സ്റ്റാഫും മറ്റ് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നവരുടെ ഫലമാണ് കഴിഞ്ഞ ദിവസം നെഗറ്റീവായതെന്നാണ് അവർ പറഞ്ഞത്.

ഗൈനക്കോളജി, ജനറൽ സർജറി, കാർഡിയാക് സർജറി, പീഡിയാട്രിക് സർജറി, ന്യൂറോ സർജറി, പ്ളാസ്റ്റിക് സർജറി, യൂറോളജി, അനസ്തേഷ്യ വിഭാഗങ്ങളിൽനിന്നായി 107 ഡോക്ടർമാർ, 42 നഴ്‌സുമാർ, 41 പാരാമെഡിക്കൽ സ്റ്റാഫ്, എക്സ്‌റേ, ഇ.സി.ജി. സ്‌കാനിങ് വിഭാഗങ്ങളിലെ ടെക്‌നീഷ്യന്മാരടക്കം 190-ലേറെ ആരോഗ്യപ്രവർത്തകരാണ് നിരീക്ഷണത്തിലായത്. ഇതിൽ 120 പേരുടെ സ്രവമായിരുന്നു പരിശോധനയ്ക്കായി അയച്ചിരുന്നത്.

കഴിഞ്ഞ ദിവസം പ്രസവത്തെ തുടർന്നുള്ള പരിശോധനയിൽ മണിയൂർ സ്വദേശിനിയായ 28 കാരിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മെയ് 24-നാണ് യുവതിയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. ജൂൺ രണ്ടിന് നടത്തിയ പരിശോധനയിൽ ആണ് ഇവർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്.

എന്നാൽ ഈ യുവതിയ്ക്ക് എവിടെ നിന്നാണ് അസുഖം ബാധിച്ചതെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

അതേസമയം ഇവരുടെ രണ്ടാം സാംപിൾ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. കുട്ടിയുടെ പരിശോധനഫലവും ലഭിച്ചിട്ടില്ല.

Top