US Citizen Arrested For Allegedly Circulating Child Pornography In Hyderabad

cyber crime

ഹൈദരാബാദ്: ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച അമേരിക്കന്‍ പൗരനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂജേഴ്‌സി സ്വദേശിയായ 42 കാരനായ ജെയിംസ് കിര്‍ക്ക് ജോണ്‍സിയാണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ 2012 മുതല്‍ ഹൈദരാബാദിലെ ഒരു നിയമ സ്ഥാപനത്തില്‍ ബഹുഭാഷ വിദഗ്ദ്ധനായി ജോലി ചെയ്ത് വരികയാണ്.

തെലുങ്കാനാ പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിന് ഇന്റര്‍പോള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജെയിംസിനെ അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന ഒരു ഐപി അഡ്രസ്സാണ് ഇന്റര്‍പോള്‍ പൊലീസിന് നല്‍കിയത്. ഈ ഐപി അഡ്രസ് ജോണ്‍സിന്റെ മധാപുരിലുള്ള വീട്ടിലെ കമ്പ്യൂട്ടറില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ജെയിംസില്‍ നിന്ന് പൊലീസ് കണ്ടെടുത്ത ലാപ്‌ടോപ്പില്‍ കുട്ടികളുടെ 29,288 അശ്ലീല ദൃശ്യങ്ങളാണുണ്ടായിരുന്നത്. കൂടാതെ ഐഫോണിലും എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡ്രൈവിലുമായി മുതിര്‍ന്നവരുടേതടക്കമുള്ള നിരവധി അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിച്ച് വെച്ചിരുന്നു.

ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതിനായി ഇരുപത്തിനാലോളം ട്വിറ്റര്‍ അക്കൗണ്ടകളടക്കം ഇയാള്‍ക്കുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഐടി ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

Top