ISI backed Kandahar hijackers: Plane crisis negotiator Ajit Doval

ന്യൂഡല്‍ഹി: കാണ്ഡഹാർ വിമാനറാഞ്ചലിനു താലിബാന്‍ ഭീകരരെ സഹായിച്ചത് പാക് ചാരസംഘടനയായ ഐഎസ്‌ഐ ആണെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.

ഭീകരര്‍ക്ക് ഐഎസ്‌ഐ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ തടവിലുണ്ടായിരുന്ന ഭീകരരെ മോചിപ്പിക്കാതെ തന്നെ യാത്രക്കാരെ രക്ഷപെടുത്താമായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തക മെയ്‌റ മക്‌ഡൊണാള്‍ഡിന്റെ പുതിയ പുസ്തകത്തില്‍ ഡോവല്‍ വെളിപ്പെടുത്തുന്നു.

‘ഡിഫീറ്റ് ഈസ് ആന്‍ ഓര്‍ഫന്‍: ഹൗ പാക്കിസ്ഥാന്‍ ലോസ്റ്റ് ദി ഗ്രേറ്റ് സൗത്ത് ഏഷ്യന്‍ വാര്‍’ (Defeat is an Orphan: How Pakistan lost the Great South Asian War) എന്നാണ് പുസ്തകത്തിന്റെ പേര്.

വിമാനം പാര്‍ക്ക് ചെയ്തിരുന്ന റണ്‍വേയില്‍ നിരവധി ഭീകരര്‍ തോക്കേന്തി നില്‍പ്പുണ്ടായിരുന്നു. മാത്രമല്ല, ഡോവല്‍ ഉള്‍പ്പെടെയുള്ളവര്‍ മധ്യസ്ഥതയ്ക്കായി വിമാനമിറങ്ങിയപ്പോള്‍ രണ്ട് ഐഎസ്‌ഐ ചാരന്‍മാരെ കണ്ടു. കൂടുതല്‍പ്പേര്‍ പിന്നീട് എത്തിച്ചേര്‍ന്നെന്നും അദ്ദേഹം പുസ്തകത്തിലൂടെ പറയുന്നു. അതില്‍ ഒരാള്‍ ലഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ളയാളും മറ്റൊരാള്‍ മേജര്‍ റാങ്കിലുള്ളയാളുമാണ്. വിമാനം റാഞ്ചിയവര്‍ ഐഎസ്‌ഐയുമായി നേരിട്ടു ബന്ധപ്പെട്ടിരുന്നതായി വ്യക്തമായതായും ഡോവല്‍ വെളിപ്പെടുത്തി.

1999 ഡിസംബര്‍ 24ന് നേപ്പാളിലെ കഠ്മണ്ഡുവില്‍നിന്ന് ന്യഡല്‍ഹിയിലെ രാജ്യാന്തര വിമാനത്താവളത്തിലേക്കു പറന്ന വിമാനമാണു ഭീകരരര്‍ റാഞ്ചിയത്. തുടര്‍ന്ന് കൊടുംഭീകരരായ മൗലാന മസൂദ് അസ്ഹര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മുഷ്താഖ് സര്‍ഗര്‍ എന്നിവരെ അന്നു വിട്ടുകൊടുക്കേണ്ടി വന്നു.

Top