Violent winter storm lashes northern France

പരീസ്: പടിഞ്ഞാറന്‍ യൂറോപ്പില്‍ ശീതക്കൊടുങ്കാറ്റ് ആഞ്ഞടിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് നിരവധി വീടുകളിലെ വൈദ്യുതി ബന്ധം താറുമാറായി. വൃക്ഷങ്ങള്‍ കടപുഴകി വീഴുകയും തീവണ്ടി സര്‍വീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്തു.

ഫ്രാന്‍സില്‍ നോര്‍മന്റിയിലും പാരീസിന്റെ വടക്കന്‍ മേഖലയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ 2,37,000 വീടുകളിലെ വൈദ്യുതിബന്ധമാണ് നിലച്ചത്‌.

ഡിപ്പിയില്‍ തീരദേശ മേഖലയില്‍ മണിക്കൂറില്‍ 146 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്.

ഈഗോണ്‍ എന്നയറിപ്പെടുന്ന കൊടുങ്കാറ്റ് ഫ്രാന്‍സില്‍ നിന്ന് ജര്‍മ്മനിയുടെ തീരത്തേക്കാണ് കടന്നത്. റിനേലാന്‍ഡ്പലാറ്റിനേറ്റിലും നോര്‍ത്തേണ്‍ ബവേറിയയിലും ആഞ്ഞടിച്ച കാറ്റില്‍ വൈദ്യുതി വിതരണം തകരാറിലാകുകയും വ്യാപകമായ ഗതാഗത തടസം നേരിടുകയും ചെയ്തു.

ഫ്രാന്‍സിലും ജര്‍മ്മനിയിലും അടിയന്തര സേനയെ വിന്യസിച്ചിട്ടുണ്ട്. ബെല്‍ജിയം തീരത്ത് വെള്ളപ്പെക്കമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യൂറോപ്പില്‍ അതിശൈത്യത്തില്‍ ഇതുവരെ 65 പേരാണ് മരിച്ചത്. പോളണ്ടും റൊമേനിയ, ബള്‍ഗേറിയ, ഗ്രീസ്, പടിഞ്ഞാറന്‍ തുര്‍ക്കി തുടങ്ങിയ തെക്കുകിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം രൂക്ഷമായ മഞ്ഞുവീഴ്ചയും മരവിക്കുന്ന തണുപ്പുമാണ് അനുഭവപ്പെടുന്നത്.

Top