Smriti Irani trolls Rahul Gandhi on Twitter for calling Modi ‘incompetent’

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

തിരിച്ച് മൂന്നു ചോദ്യങ്ങളാണ് രാഹുലിനോട് സ്മൃതി ഇറാനി ചോദിച്ചത്. കോണ്‍ഗ്രസിന്റെ ജന്‍ വേദന കണ്‍വെന്‍ഷനിലെ രാഹുലിന്റെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ വീണ്ടും ട്വീറ്റ് ചെയ്താണ് ചോദ്യങ്ങളുമായി സ്മൃതി രംഗത്തെത്തിയത്.

ചരിത്രത്തിലാദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്രയും അധിക്ഷേപിക്കപ്പെടുന്നതെന്ന രാഹുലിന്റെ പ്രസംഗഭാഗം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ടാഗ് ചെയ്താണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. മന്‍മോഹന്‍ സിങ്ങിനൊരു നിരുപദ്രവകരമായ ട്വീറ്റെന്നാണ് ഇറാനിയുടെ സന്ദേശം.

നോട്ട് അസാധുവാക്കല്‍ യോഗ്യമല്ലാത്ത പ്രവര്‍ത്തിയായിരുന്നുവെന്ന രാഹുലിന്റെ പ്രസ്താവനയ്ക്ക് കോണ്‍ഗ്രസിന്റെ കാലത്തെ അഴിമതികള്‍ അക്കമിട്ടുനിരത്തിയാണ് മറുപടി. ടുജി, കല്‍ക്കരി അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ്, അഗസ്റ്റ വെസ്റ്റ് ലാന്‍ഡ്.. തുടങ്ങിയവയാണോ നിങ്ങളുടെ കാര്യക്ഷമത എന്നായി മന്ത്രിയുടെ ചോദ്യം.

അച്ഛേദിന്‍ വരാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന രാഹുലിന്റെ വാക്കുകളോട്, ഇത്രയും നാളും കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ നല്ലദിനങ്ങള്‍ അല്ലെന്നു തുറന്നുസമ്മതിക്കുകയാണോ എന്നും സ്മൃതി ഇറാനി ട്വീറ്റ് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ജന്‍ വേദന കണ്‍വെന്‍ഷനിലാണ് കേന്ദ്രസര്‍ക്കാരിനും നരേന്ദ്ര മോദിക്കുമെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. ബിജെപിയും ആര്‍എസ്എസും ജനങ്ങള്‍ക്കിടയില്‍ ആശങ്ക വളര്‍ത്തുവെന്നും പിന്നീട് ഇത് ദേഷ്യത്തിലേക്ക് മാറ്റുകയാണെന്നും രാഹുല്‍ ആക്ഷേപിച്ചിരുന്നു

S

Top