brazilian woman held with 1 kg cocaine in her stomach

ന്യൂഡല്‍ഹി: വയറ്റില്‍ കൊക്കയ്ന്‍ ഒളിപ്പിച്ചു കടത്തിയ ബ്രസീലിയന്‍ വനിത ഡല്‍ഹിയില്‍ പിടിയില്‍. ഒരു കിലോ കൊക്കയ്‌നാണ് ഇവര്‍ വയറ്റില്‍ ഒളിപ്പിച്ചിരുന്നത്.

ഡിസംബര്‍ 30ന് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. എന്നാല്‍ ഇക്കാര്യം ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജൊസാനെ ഡി സില്‍വ അന്റോണേ എന്ന മുപ്പത്തിയെട്ടുകാരിയെ നര്‍ക്കോട്ടിക്‌സ് വിഭാഗം അറസ്റ്റ് ചെയ്തത്.

സഫ്ദാര്‍ജങ് ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയയാക്കിയ ഇവരുടെ വയറിനുള്ളില്‍ നിന്ന് 360 ഗ്രാമിന്റെ ഒരെണ്ണവും 11 ഗ്രാം വീതമുള്ള 67 ചെറിയ ക്യാപ്‌സ്യൂളുകളും ലഭിച്ചു.

പുതുവത്സരാഘോഷങ്ങള്‍ മുന്നില്‍ കണ്ട് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യാനായി എത്തിച്ചതായിരുന്നു ഇവ.

സാവോപോളയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ ഇവരെ ആശുപത്രിയില്‍ എത്തിച്ച് എക്‌സ് റേ പരിശോധനയ്ക്ക് വിധേയയാക്കി. തുടര്‍ന്ന് ഒരു സംഘം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പഴങ്ങളും ജ്യൂസും നല്‍കി ക്യാപ്‌സ്യൂളുകള്‍ പുറത്തെടുക്കുകയായിരുന്നു.

സെന്‍ട്രല്‍ ഡല്‍ഹിയില്‍ ഇവര്‍ പത്ത് ദിവസത്തേക്ക് മുറി ബുക്ക് ചെയ്തിരുന്നു. ഇംഗ്ലീഷ് അറിയാത്ത ഇവര്‍ക്ക് പോര്‍ച്ചുഗീസ് മാത്രമാണ് അറിയുന്നത്. ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ഇവര്‍ ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നതെന്നും നര്‍ക്കോട്ടിക്‌സ് വിഭാഗം അറിയിച്ചു.

ഇവര്‍ക്ക് പുറമേ 90 ഹെറോയില്‍ ക്യാപ്‌സ്യൂളുകള്‍ വയറില്‍ ഒളിപ്പിച്ച് കടത്തിയ അഫ്ഗാന്‍ സ്വദേശിയും അറസ്റ്റിലായിട്ടുണ്ട്. ജനുവരി 4 നാണ് ഇയാള്‍ അറസ്റ്റിലായത്.

Top