height of voting compartments has been raised to 30 inch for secrecy

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ രഹസ്യാത്മകത ഉറപ്പാക്കുന്നതിന് വോട്ടിങ് കമ്പാര്‍ട്ട്‌മെന്റിന്റെ ഉയരം വര്‍ധിപ്പിച്ച് ഇലക്ഷന്‍ കമ്മീഷന്‍.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കവെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അസിം സെയ്ദിയാണ് ഇക്കാര്യം അറിയിച്ചത്.

30 ഇഞ്ചായാണ് കമ്പാര്‍ട്ട്‌മെന്റിന്റെ ഉയരം വര്‍ധിപ്പിച്ചിരിക്കുന്നത്. നേരത്തേ 24 ഇഞ്ചായിരുന്നു കമ്പാര്‍ട്ട്‌മെന്റിന്റെ ഉയരം. സുതാര്യമല്ലാത്ത കാര്‍ഡ്‌ബോര്‍ഡ് പോലുള്ള പുനരുപയോഗത്തിന് സാധ്യമാകുന്ന വസ്തുക്കളാണ് ഇതിനായി ഉപയോഗിക്കേണ്ടത്.

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ 20,000 രൂപയ്ക്ക് മേലുള്ള സംഭാവന അക്കൗണ്ട് വഴി മാത്രമേ സ്വീകരിക്കാവൂ എന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവഴിക്കാവുന്ന തുകയ്ക്കും പരിധി പ്രഖ്യാപിച്ചു.

ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥിക്ക് 28 ലക്ഷം രൂപവരെ ചെലവഴിക്കാം. ഗോവയിലും മണിപ്പൂരിലും ചെലവാക്കാവുന്ന പരിധി 20 ലക്ഷമാണ്.

തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അറിയിപ്പുകള്‍

1.എല്ലാ പോളിങ് സ്‌റ്റേഷനുകളിലും വോട്ടിങ് രീതി വിവരിക്കുന്ന നാല് പോസ്റ്ററുകള്‍ ഉണ്ടാകും
2.ഏതാണ്ട് 100 ശതമാനം വോട്ടര്‍മാര്‍ക്കും ഇലക്ടറല്‍ ഐഡി കാര്‍ഡുണ്ട്
3.ആകെ ഉണ്ടാവുക 1.85 ലക്ഷം പോളിങ് സ്‌റ്റേഷനുകള്‍
4.വോട്ടര്‍മാരെ ബോധവാന്‍മാരാക്കാന്‍ വോട്ടേഴ്‌സ് ഗൈഡ് പുറത്തിറക്കും
5.സ്ത്രീകള്‍ക്ക് മാത്രമായി പോളിങ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കും
6.ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സജ്ജീകരണങ്ങള്‍ ഉണ്ടാകും
7.പരിസ്ഥിതിയ്ക്ക് ദോഷം ചെയ്യുന്ന വസ്തുക്കള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തും
8.പുറത്തുള്ള സൈനികര്‍ക്ക് വേണ്ടി പ്രത്യേക ഇലക്‌ട്രോണിക് സംവിധാനം ഒരുക്കും

Top