vijay babu and sandra thomas case

കൊച്ചി: തനിക്കെതിരെ നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ് നല്‍കിയ പരാതി അടിസ്ഥാന രഹിതമാണെന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബു. സാന്ദ്ര തോമസിനെ മര്‍ദ്ദിച്ചെന്ന കേസ് അടിസ്ഥാനരഹിതവും ആരോപണങ്ങള്‍ വ്യാജവുമാണ് അത് താന്‍ തെളിയിക്കും. അവകാശവാദം ഉന്നയിച്ച വസ്തു തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് പരാതി നല്‍കിയിരിക്കുന്നതെന്നും വിജയ് ബാബു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘സുഹൃത്തുക്കളെ, എന്റെ ഏറ്റവും വിശ്വസ്തയായ ബിസിനസ് പങ്കാളിയും അവരുടെ ഭര്‍ത്താവും എനിക്കെതിരെ അടിസ്ഥാനരഹിതമായ കേസ് കൊടുത്തിരിക്കുകയാണ്. ഞാന്‍ അവകാശവാദം ഉന്നയിച്ച വസ്തു (ബിസിനസ് പ്രോപര്‍ട്ടി) തട്ടിയെടുക്കുന്നതിന് വേണ്ടിയാണത്. എനിക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന് ഞാന്‍ തെളിയിക്കും.’ വിജയ് ബാബു പോസ്റ്റില്‍ പറയുന്നു.

മര്‍ദിച്ചുവെന്ന് കാണിച്ച് സാന്ദ്രാ തോമസ് വിജയ് ബാബുവിനെതിരെ എളമക്കര പൊലീസ് സ്‌റ്റേഷനില്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. ഓഫീസില്‍ വെച്ചുണ്ടായ വാക്കു തര്‍ക്കത്തിനിടെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് സാന്ദ്ര നല്‍കിയ പരാതി. സാന്ദ്ര ആശുപത്രിയില്‍ ചികിത്സ നേടുകയും ചെയ്തു.

ഇരുവരും ചേര്‍ന്ന് ഫ്രൈഡേ ഫിലിംസ് എന്ന നിര്‍മാണക്കമ്പനി നടത്തിവരികയായിരുന്നു. ഫിലിപ് ആന്റ് മങ്കിപെന്‍, പെരുച്ചാഴി, അടി കപ്യാരെ കൂട്ടമണി തുടങ്ങി പത്തോളം സിനിമകള്‍ ഇരുവരും ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്.

Top