shift shivpal yadav to central politics akhilesh-tells-mulayam

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ മുലായത്തിനോട് ഉപാധിവെച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവ് രംഗത്ത്.

അഖിലേഷിന്റെ മുഖ്യ എതിരാളിയും പിതൃസഹോദരുമായ ശിവ്പാല്‍ യാദവിനെ കേന്ദ്ര നേതൃത്വത്തിലേക്ക് മാറ്റിയാല്‍ താന്‍ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയാമെന്നാണ് അഖിലേഷ് മുലായത്തിനോട് പറഞ്ഞു.

നേതൃത്വ പ്രതിസന്ധി രൂക്ഷമായതോടെ അഖിലേഷ് ഇന്ന് മുലായവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇങ്ങനെയൊരു ഉപാധി മുന്നോട്ട് വെച്ചത്.

മുലായവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാംഗോപാല്‍ യാദവിന്റെ നേതൃത്വത്തില്‍ അഖിലേഷ് ലഖ്‌നൗവില്‍ യോഗം വിളിച്ച് ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചത്.

ഇതോടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് രാംഗോപാല്‍ യാദവിനെ മൂലായം ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മൂലായത്തിന്റെ മറ്റൊരു സഹോദരനാണ് രാംഗോപാല്‍.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ എതിര്‍പ്പാണ് മുലായം സിംഗ് യാദവും അഖിലേഷ് യാദവും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്ത് വരാന്‍ കാരണമായത്.

മുലായം പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരെ അഖിലേഷ് യാദവും സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ അഖിലേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തു. തുടര്‍ന്നാണ് പിളര്‍പ്പിലേക്ക് പോകുന്ന തരത്തില്‍ രൂക്ഷമായ പ്രതിസന്ധി സമാജ് വാദി പാര്‍ട്ടിയിലുണ്ടായത്.

ഇത് പാര്‍ട്ടിയുടെ പരമ്പരാഗത ചിഹ്നമായ സൈക്കിള്‍ വരെ നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടാക്കി. ഇതിനായി ഇരുപക്ഷവും അവകാശമുന്നയിക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിനായി മുതിര്‍ന്ന നേതാവ് അസംഖാന്റെ നേതൃത്വത്തില്‍ അഖിലേഷ് മുലായവുമായി ചര്‍ച്ച നടത്തിയത്.

Top