golden globe priyanka chopra anchor

ന്യൂയോര്‍ക്ക്: വരാനിരിക്കുന്ന 74 ആം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരചടങ്ങില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര അവതാരകയാവും. കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍സില്‍ ജനുവരി 9 നാണ് പുരസ്‌കാരചടങ്ങ്.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര രാവില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും പ്രിയങ്ക ചോപ്രയാണ്.

ലാ ലാ ലാന്‍ഡ്, മൂണ്‍ലൈറ്റ് തുടങ്ങിയ ചിത്രങ്ങളാണ് നോമിനേഷനുകളില്‍ മുന്നിലുള്ളത്. അമേരിക്കയ്ക്കകത്തും പുറത്തുമുള്ള ചലച്ചിത്ര ടെലിവിഷന്‍ രംഗത്തെ മികവിനായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ്. ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനിലെ 93 അംഗങ്ങളാണ് ഗോള്‍ഡന്‍ ഗ്ലോബ് സംഘാടകര്‍.

മികച്ച ഹാസ്യസംഗീത ചിത്ര വിഭാഗത്തില്‍ മാര്‍വെല്‍ കോമിക്‌സ് ആധാരമാക്കി നിര്‍മ്മിച്ച ഡെഡ്പൂള്‍, മൈക്ക് മൈല്‍സ് സംവിധാനം ചെയ്ത കോമഡി ചിത്രം ട്വന്റീത്‌ സെഞ്ചറി വുമണ്, ലോകത്തെ ഏറ്റവും മോശം ഒപ്പേറ ഗായിക ഗായിക എന്ന പേരു കേട്ട കലാകാരിയുടെ ജീവിത കഥപറുന്ന ഫ്‌ലേറന്‍സ് ഫോസ്റ്റര്‍ ജെങ്കിന്‍സ് എന്നിവയാണ്.

ഡാമിയേന്‍ ഷാസെല്‍ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രം ലാലാ ലാന്‍ഡ് ജോണ്‍ കാര്‍നേ സംവിധാനം ചെയ്ത റ്റീന്‍ മ്യൂസിക്കല്‍ കോമഡി ചിത്രം സിംഗ് സ്റ്റ്രീറ്റ് എന്നിവ നോമിനേഷനുകള്‍ നേടിയിട്ടുണ്ട്. മികച്ച കഥാ ചിത്ര വിഭാഗത്തില്‍ അഞ്ചു ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയത്. മെല്‍ ഗിബ്‌സണ്‍റെ ഏറ്റവും പുതിയ സംവിധാന സംരംഭം ഹാക്‌സോ ബ്രിഡ്ജിന്റെ സാന്നിധ്യമാണ് കഥാ ചിത്ര വിഭാഗത്തിലെ നോമിനേറ്റഡ് ചിത്രങ്ങളിലെ പ്രത്യേകത.

ഡേവിഡ് മക്കെനീസിന്റെ ക്രൈം ത്രില്ലര്‍ ഹെല്‍ ഓര്‍ ഹൈവാട്ടറും മികച്ച ചിത്രമാവാനായി അവസാന റൗണ്ടില്‍ മത്സരിക്കുന്നുണ്ട്. സ്ലംഡോഗ് മില്യനയറിലൂടെ ശ്രദ്ധേയനായ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നടന്‍ ദേവ് പട്ടേല്‍ നായകനാവുന്ന ലയണ്‍ എന്ന ചിത്രവും നോമിനേഷന്‍ നേടി. തന്റെ കുടുംബത്തില്‍നിന്ന് വേര്‍പെട്ട്, ഓസ്‌ട്രേലിയന്‍ കുടുംബം സംരക്ഷിച്ച ഇന്ത്യന്‍ ബാലന്‍ വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ കുടുംബത്തെ അന്വേഷിച്ചെത്തുന്നതാണ് ലയണ്‍ എന്ന ചിത്രത്തിന്റെ കഥ.

2016 ലെ ഏറ്റവും മികച്ച 10 ചിത്രങ്ങിളിലൊന്നായി അമേരിക്കന്‍ ഫിലിം ഇന്‍സ്‌ററിറ്റിയൂട്ട് തെരഞ്ഞെടുത്ത മൂണ്‍ലൈറ്റ് എന്ന ചിത്രമാണ് ഈ വിഭാഗത്തിലെ മറ്റൊരു ശ്രദ്ധേയ ചിത്രം. കെന്നത്ത് ലോനര്‍ഗെന്റെ മാഞ്ചസ്റ്റര്‍ ബൈ ദ സീ എന്ന ചിത്രവും മികച്ച കഥാ ചിത്രമാവാനുള്ള മത്സരത്തിന് നോമിനേഷന്‍ നേടിയിട്ടുണ്ട്.

Top