Islamic State threatens India, targets PM Modi in latest propaganda book

ഇസ്താംബുള്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പല ലോക നേതാക്കളും മുസ്ലീം വിരുദ്ധരാണെന്ന് ആഗോള ഭീകര സംഘടനയായ ഐഎസ്.

തുര്‍ക്കിയിലെ ഇസ്താംബുളില്‍ പുതുവത്സരാഘോഷത്തിനിടെ നിശാക്ലബ്ബില്‍ നടന്ന ഭീകരാക്രമണത്തിന് മുമ്പ് പുറത്ത് വിട്ട വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.

തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍, യു.എസ് പ്രസിഡന്റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്, ഫ്രാന്‍സിസ് മാര്‍പാപ്പ, മ്യാന്മര്‍ മുന്‍ പ്രസിഡന്റ് തെയിന്‍ സെയിന്‍, ഇസ്രയേലിലെ നേതാക്കളും പുരോഹിതരും തുടങ്ങിയവരാണ് വീഡിയോയിലുള്ളത്.

ദ ക്രോസ് ഷീല്‍ഡ് എന്ന പേരില്‍ അറബിയിലും തുര്‍ക്കി ഭാഷയിലുമായി പുറത്തിറക്കിയിരിക്കുന്ന 19 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഐഎസ് പിടികൂടിയ രണ്ട് തുര്‍ക്കി പട്ടാളക്കാരെ കത്തിക്കുന്ന ദൃശ്യങ്ങളുമുണ്ട്.

ആഭ്യന്തര സംഘര്‍ഷം നടക്കുന്ന സിറിയയില്‍ ഇടപെടല്‍ നടത്തുന്ന തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ നടപടിയെ പേരെടുത്ത് പറഞ്ഞാണ് ഐഎസ് വിമര്‍ശിക്കുന്നത്. ഇനിയും ഇത് തുടര്‍ന്നാല്‍ തുര്‍ക്കിയില്‍ സര്‍വനാശം വിതയ്ക്കുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.

മോദിയുടേയും എര്‍ദോഗന്റേയും ചിത്രം 2015 നവംബറില്‍ തുര്‍ക്കിയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ ഉള്ളതാണെന്ന് കരുതുന്നു.
അഫ്ഗാനിസ്ഥാന്റെ അവസ്ഥയും വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.

Top