ലോകത്താകെ കൊവിഡ് ബാധിച്ചത് 11,190,680 പേര്‍ക്ക്; മരണം 529,113

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.11 കോടി കടന്നു. അഞ്ചേകാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകെ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ പുതുതായി 596 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 132,101 ആയി. പുതിയതായി 1264 പേര്‍ മരിച്ച ബ്രസീലില്‍ 63,254 പേരാണ് ഇതുവരെ മരിച്ചത്.

റഷ്യയില്‍ ആകെ മരണം 10,000ത്തോട് അടുക്കുകയാണ്. ബ്രസീലിലെ സ്ഥിതി അതീവഗുരുതരമായി ഇപ്പോഴും തുടരുകയാണ്. ഇന്നലെ മാത്രം 41,988 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യയും ഇതിനൊപ്പം കൂടുന്നതാണ് ആശങ്കയേറ്റുന്നത്. അമേരിക്കയില്‍ ഇന്നലെ മാത്രം 54,904 പേര്‍ക്കാണ് രോഗം ബാധിച്ചത്.

അതേസമയം, ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിതീവ്രതയിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇന്ന് 21,000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തേക്കും. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും 24 മണിക്കൂറിനിടെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി.

മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 6364 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 1,92,990 ആയി ഉയര്‍ന്നു. തമിഴ്നാട്ടില്‍ 4329 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി. ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. മഹാരാഷ്ട്രയില്‍ 198 ഉം തമിഴ്നാട്ടില്‍ 64 ഉം ഡല്‍ഹിയില്‍ 59 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിദിന കണക്കില്‍ ഇന്ന് റെക്കോര്‍ഡ് മരണം രേഖപ്പെടുത്താനാണ് സാധ്യത.

Top