പദ്ധതിയില്‍ ക്രമക്കേടുകള്‍; ആയുഷ്മാന്‍ ഭാരതില്‍ നിന്ന് പുറത്തായത് 111 ആശുപത്രികള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ നിന്ന് 111 ആശുപത്രികളെ പുറത്താക്കി. പദ്ധതിയില്‍ വിവിധ ക്രമക്കേടുകള്‍ നടത്തി എന്നാരോപിച്ച് വിവിധ ഗുണഭോക്താക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്രയും ആശുപത്രികളെ പുറത്താക്കിയത്. പദ്ധതിയില്‍ നിന്ന് പുറത്താക്കിയ ആശുപത്രികളുടെ പേര് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

അര്‍ഹരായവര്‍ക്ക് ചികില്‍സ നല്‍കാതിരിക്കുക. രോഗികളില്‍ നിന്നും പണം ഈടാക്കുക. സഹായം ലഭിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കാതിരിക്കുക ഇങ്ങനെ വിവിധ തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

18073 ആശുപത്രികളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടത്. അതില്‍ 1200 എണ്ണത്തിനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 376 എണ്ണത്തിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് 111 ആശുപത്രികള്‍ക്കെതിരെ നടപടി എടുത്തത്. ഇതില്‍ 6 ആശുപത്രികള്‍ക്കെതിരെ ക്രിമിനല്‍ നടപടിയും ആരംഭിച്ചിട്ടുണ്ട്. 1.5 കോടി രൂപ ഇതുവരെ പിഴ ഈടാക്കി.

പുറത്തായ ആശുപത്രികളില്‍ 59 എണ്ണം മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ്. രണ്ടാമത് ജാര്‍ഖണ്ഡ് 21, ഉത്തരാഖണ്ഡ് 12, തമിഴ്‌നാട് 10 എന്നിങ്ങനെയാണ് പുറത്താക്കപ്പെട്ട ആശുപത്രികളുടെ കണക്ക്.

Top