11 വര്‍ഷം; ബെന്റ്‌ലി മോട്ടോഴ്‌സിന്റെ ഫ്‌ളാഗ്ഷിപ് ലിമൊസിനായ മുല്‍സാന്‍ ഉല്‍പാദനം നിര്‍ത്തി

ഐക്കണിക്ക് ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ബെന്റ്‌ലി മോട്ടോഴ്‌സിന്റെ ഫ്‌ളാഗ്ഷിപ് ലിമൊസിനായ മുല്‍സാന്‍ ഉല്‍പാദനം നിര്‍ത്തി. 2009ല്‍ അരങ്ങേറ്റം കുറിച്ച മുല്‍സാന്‍ കഴിഞ്ഞ 11 വര്‍ഷത്തനിടെ ഇംഗ്ലണ്ടിലെ ക്രൂവിലുള്ള ശാലയില്‍ നിന്നു 7,300 കാറാണു പുറത്തിറങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുല്‍സാന്റെ ഒട്ടേറെ വകഭേദങ്ങളും ഇതിനിടെ പുറത്തിറങ്ങി. ഇതിലാദ്യത്തേത് 2012ലെ സ്‌പോര്‍ട്ടി മ്യുള്ളിനെര്‍ ഡ്രൈവിങ് സ്‌പെസിഫിക്കേഷന്‍ വകഭേദമായിരുന്നു . 2015ല്‍ കരുത്തും വേഗവുമായ മുല്‍സാന്‍ സ്പീഡ് എത്തി. അടുത്ത വര്‍ഷത്തെ പരിഷ്‌കാരം ആഡംബര വിഭാഗത്തിലായിരുന്നു; 250 എം എം അധിക നീളത്തോടെയായിരുന്നു ആ എക്സ്റ്റന്‍ഡഡ് വീല്‍ബേസ് പതിപ്പ് എത്തിയത്.

മുല്‍സാന്‍ ഉല്‍പാദനം അവസാനിപ്പിക്കുമ്പോള്‍ എല്‍ സീരീസിലെ 6.75 ലീറ്റര്‍, വി എയ്റ്റ് എന്‍ജിനും ചരിത്രമാവുകയാണ്. 61 വര്‍ഷം തുടര്‍ച്ചയായി ഉല്‍പ്പാദിപ്പിക്കപ്പെട്ട ശേഷമാണ് ഈ എന്‍ജിന്‍ വിട പറയുന്നത്. എന്‍ജിനോടും മുല്‍സാനോടുമുള്ള ആദര സൂചകമായി അവസാനം ഉല്‍പ്പാദിപ്പിച്ച 30 കാറുകള്‍ 6.75 എഡീഷന്‍ ബൈ മ്യുള്ളിനെര്‍ പതിപ്പായാണു ബെന്റ്‌ലി അവതരിപ്പിച്ചത്. എന്നാല്‍, മുല്‍സാനു പകരമായി പുത്തന്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി)മാവും ബെന്റ്‌ലി അവതരിപ്പിക്കുക എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Top