ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ 11 ടാക്‌സി ഡ്രൈവര്‍മാര്‍ വെടിയേറ്റു മരിച്ചു

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ 11 ടാക്‌സി ഡ്രൈവര്‍മാര്‍ വെടിയേറ്റു മരിച്ചു. അജ്ഞാതന്‍ നടത്തിയ വെടിവയ്പിലാണ് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടത്. ഗൗടെംഗ് ടാക്‌സി അസോസിയേഷനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.

പ്രാദേശിക സമയം ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം നടന്നത്. ഡ്രൈവര്‍മാര്‍ സുഹൃത്തിന്റെ സംസ്‌കാരത്തില്‍ പങ്കെടുത്തു മടങ്ങി വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ അജ്ഞാതന്‍ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പൊതു ഗതാഗതത്തിനായി കൂടുതലും മിനി ബസുകളും ടാക്‌സികളുമാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. അതിനാല്‍ തന്നെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കിടയില്‍ കലഹങ്ങള്‍ പതിവാണ്. ഇതായിരിക്കാം ആക്രമണത്തിനുപിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസന്വേഷണം പുരോഗമിച്ചു വരികയാണെന്നും പ്രദേശത്ത് ആക്രമണങ്ങള്‍ പതിവാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Top