അതിശൈത്യം: ഡൽഹിയിൽ എത്തേണ്ട 11 ദീർഘദൂര ട്രെയിനുകൾ വൈകി

ന്യൂഡൽഹി : അതിശൈത്യവും മൂടൽ മഞ്ഞും ഡൽഹിയടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമാകുന്നു. ശനി രാവിലെ മൂടൽ മഞ്ഞിൽ ദൂരക്കാഴ്‌ച പൂജ്യം മീറ്ററായതോടെ ഡൽഹിയിൽ എത്തേണ്ട 11 ദീർഘദൂര ട്രെയിനുകൾ വൈകി. സമാനമായി തുടർച്ചായ ആറാം ദിവസവും ഡൽഹി വിമാനത്താവളത്തിലും നിരവധി സർവീസുകളെ മൂടൽ മഞ്ഞ്‌ ബാധിച്ചു.

അടുത്ത അഞ്ചുദിവസവും ഉത്തരേന്ത്യയിൽ താപനില സംബന്ധിച്ച വർധനയുണ്ടാകില്ലന്ന്‌ കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഡൽഹിയിൽ ഞായറാഴ്‌ച മഞ്ഞ അലർട്ടാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ദേശീയ തലസ്ഥാനത്ത് ഏറ്റവും കുറഞ്ഞ താപനില ഏഴ് ഡിഗ്രിയും ഉയർന്ന താപനില 15 ഡിഗ്രിയുമാണ്‌ രേഖപ്പെടുത്തിയത്‌.

ഡൽഹിക്ക്‌ പുറമേ ഹരിയാന, പഞ്ചാബ്‌, ഹിമാചൽ, ഉത്തരാഖണ്ഡ്‌, യുപി, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ തണുപ്പ്‌ വർധിക്കും. കിഴക്കൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും കുറഞ്ഞ താപനിലയിൽ 2-3 ഡിഗ്രി സെൽഷ്യസ് കുറവുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്‌.

Top