11 വര്‍ഷങ്ങള്‍ക്ക് ശേഷം ഐസിസി എലൈറ്റ് പാനലില്‍ ഒരു ഇന്ത്യന്‍ അമ്പയര്‍

മുംബൈ: 11 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഐസിസി എലൈറ്റ് പാനലില്‍ ഒരു ഇന്ത്യന്‍ അമ്പയര്‍ എത്തുന്നു. അംപയര്‍മാരുടെ എലൈറ്റ് പാനലില്‍ ഇന്ത്യക്കാരനായ എസ് രവിയെ ഐസിസി ഉള്‍പ്പെടുത്തി. എസ് വെങ്കട്ടരാഘവന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ അംപയര്‍ എലൈറ്റ് പാനലിലെത്തുന്നത്.

49കാരനായ രവി 6 ടെസ്റ്റിലും 24 ഏകദിനങ്ങളിലും 12 ട്വന്റി 20യിലും അംപയറായിട്ടുണ്ട്. ഒരു വര്‍ഷത്തേക്കാണ് നിയമനം.

രവിക്കുപുറമെ ന്യൂസിലന്‍ഡിന്റെ ക്രിസ് ഗാഫ്‌നേയെയും എലൈറ്റ് പാനലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡിന്റെ ബില്ലി ബൗഡന്‍, വിരമിച്ച സ്റ്റീവ് ഡേവിസ് എന്നിവര്‍ക്ക് പകരമാണ ഇരുവരുടെയും നിയമനം. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന ലോകകപ്പില്‍ ഇരുവരും മത്സരം നിയന്ത്രിച്ചിട്ടുണ്ട്.

അലീം ദാര്‍, കുമാര്‍ ധര്‍മസേന, മരായിസ് ഇറാസ്മുസ്, ക്രിസ് ഗാഫ്‌നേ, ഇയാന്‍ ഗ്ലൗഡ്, റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്ത്, റിച്ചാര്‍ഡ് കെറ്റില്‍ബറോ, ലീല്‍ ലോംഗ്, എസ്.രവി, പോള്‍ റീഫല്‍, റോഡ് ടക്കര്‍, ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ് എന്നിവരായിരിക്കും 2015-2016വര്‍ഷത്തേക്കുള്ള ഐസിസിയുടെ എലൈറ്റ് പാനല്‍ അമ്പയര്‍മാര്‍.

Top