ജനീവ: 11 ലക്ഷം കുട്ടികളിലെ എയ്ഡ്‌സ് ബാധ തടയാന്‍ സാധിച്ചെന്ന് യുനിസെഫ്. 2005-2013 കാലയളവില്‍ ഹ്യൂമന്‍ ഇമ്മ്യൂണൊഡെഫിഷ്യന്‍സി വൈറസ് (എച്ച്.ഐ.വി.) ബാധിതരായ 11 ലക്ഷം കുട്ടികളെ മരണത്തില്‍നിന്നു രക്ഷിക്കാന്‍ സാധിച്ചെന്നാണ് യുനിസെഫ് വെളിപ്പെടുത്തല്‍. ഡിസംബര്‍ ഒന്നിന് ലോക എയ്ഡ്‌സ് ദിനത്തിന് മുന്നോടിയായാണ് ആശ്വാസമേകുന്ന റിപോര്‍ട്ട് യുനിസെഫ് പുറത്തുവിട്ടത്.
2009 മുതല്‍ കുട്ടികളായ എയ്ഡ്‌സ് രോഗികളില്‍ 40 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണെ്ടന്നും റിപോര്‍ട്ടില്‍ പറയുന്നു. എച്ച്.ഐ.വി. പോസിറ്റീവ് ബാധിതരായ ഗര്‍ഭിണികള്‍ക്ക് മികച്ച ചികില്‍സ നല്‍കിയതാണ് കുട്ടികളിലെ എയ്ഡ്‌സ് സാധ്യത കുറച്ചത്. ഇവരില്‍നിന്ന് കുട്ടികളിലേക്ക് രോഗം വ്യാപിക്കുന്നത് തടയുന്ന പ്രത്യേക ചികില്‍സ നല്‍കിയതാണ് ഇത്തരമൊരു ഫലം ലഭിക്കാന്‍ ഇടയാക്കിയത്.
എയ്ഡ്‌സ് ബാധിതര്‍ കൂടുതലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളായ മലാവി, എത്യോപ്യ, സിംബാവെ എന്നിവിടങ്ങളില്‍ കുട്ടി എയ്ഡ്‌സുകാര്‍ കുറഞ്ഞിട്ടുണെ്ടന്നും യുനിസെഫ് പറയുന്നു. മതിയായ ചികില്‍സ ലഭിക്കാതെ 1,90,000 കുട്ടികള്‍ എയ്ഡ്‌സ് മൂലം ഇക്കാലയളവില്‍ മരിച്ചിട്ടുണ്ട്.


