കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച സംഭവം: അന്വേഷണം പാതിവഴിയിൽ

കൊല്ലം: കൊല്ലം എരൂരിൽ പത്താം ക്ലാസ് വിദ്യാർഥി വാഴകൈയ്യിൽ തൂങ്ങി മരിച്ച സംഭവം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും കേസിന്റെ അന്വേഷണം പൂർത്തിയാക്കാൻ കഴിയാതെ പൊലീസ്.പൊലീസ് അനാസ്ഥയ്ക്കെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു.

ഏരൂർ സ്വദേശികളായ ബാബു ബിന്ദു ദമ്പതികളുടെ ഇളയ മകൻ വിജീഷ് ബാബുവിനെ 2019, ഡിസംബർ മാസം പത്തൊമ്പതാം തിയതി രാത്രിയാണ് കാണാതായത്. ഇരുപതാം തീയതി രാവിലെ വീട്ടിൽ നിന്നും 200 മീറ്റർ അകലെയുള്ള വാഴത്തോട്ടത്തിൽ വാഴകൈയ്യിൽ തൂങ്ങി മരിച്ചനിലയിലാണ് വിജീഷ് ബാബുവിനെ കണ്ടെത്തിയത്.

പത്തൊമ്പതാം തിയതി വൈകിട്ട് വിജീഷ് ബാബുവും കൂട്ടുകാരും ചേർന്ന് ബീഡിവലിച്ചെന്നാരോപിച്ച് ആറോളം വരുന്ന പരിസരവാസികൾ വിജീഷ് ബാബുവിനെയും കൂട്ടുകാരെയും പരസ്യമായി വിചാരണ നടത്തിയിരുന്നു.തുടർന്നാണ് രാത്രിയിൽ കുട്ടിയെ കാണാതായത്. മകൻറെ മരണം കൊലപാതകമാണെന്ന് മാതാപിതാക്കൾ അന്നു തന്നെ ആരോപണം ഉന്നയിച്ചിരുന്നു.

തുടർന്ന് പുനലൂർ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നൽകിയെങ്കിലും മരണം ആത്മഹത്യയെന്ന നിലപാടിൽ തന്നെയാണ് പുതിയ സംഘവും എത്തിയത്. പുതിയ അന്വേഷണ ഏജൻസിയെക്കൊണ്ട് കേസ് അന്വേഷണം ആവശ്യപ്പെട്ട വിജീഷ് ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുകയും ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിക്കുകയും ചെയ്തു.

എന്നാൽ തുടർനടപടികൾ മാസങൾ കഴിഞ്ഞിട്ടും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം.

Top