10ാം ക്ലാസ് റിസൽട്ട്; ഒരു കുട്ടി പോലും പാസാകാത്ത സ്കൂളുകളുടെ എണ്ണത്തിൽ ഗുജറാത്തിൽ വന്‍ വര്‍ധന

സൂറത്ത്: ഗുജറാത്തിലെ പത്താം ക്ലാസ് ഫലം പുറത്ത് വരുമ്പോള്‍ ഒരാള്‍ പോലും പാസാകാത്ത സ്കൂളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2022ല്‍ ഗുജറാത്തിലെ 121 സ്കൂളുകളില്‍ മാത്രമായിരുന്നു ഒരു കുട്ടി പോലും പാസാവാതിരുന്നത്. എന്നാല്‍ 2023ല്‍ ഇത് 157ആയി വര്‍ധിച്ചു. നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് കുറവുണ്ടായിട്ടുണ്ട്.

2022ല്‍ നൂറ് ശതമാനം വിജയമുണ്ടായത് 294 സ്കൂളുകള്‍ ആയിരുന്നത് 2023ല്‍ ഇത് 272 ആയി കുറഞ്ഞിട്ടുണ്ട്. ആണ്‍കുട്ടികളെ അപേക്ഷിച്ചിട്ട് പെണ്‍കുട്ടികളാണ് സംസ്ഥാനത്ത് ഉന്നത പഠനത്തിന് അര്‍ഹത നേടിയിട്ടുള്ളത്. 59.58 ശതമാനം ആണ്‍കുട്ടികള്‍ മാത്രമാണ് സംസ്ഥാനത്ത് പാസായത് അതേസമയം പെണ്‍കുട്ടികളുടെ വിജയ ശതമാനം 70.62 ആണ്. മാര്‍ച്ച് മാസത്തില്‍ 734898 കുട്ടികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ഇവരില്‍ 474893 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹരായത്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് വിജ ശതമാനത്തിലും കുറവുണ്ട്. 2022നേക്കാളും 0.56 ശതമാനം വിജയശതമാനമാണ് കുറഞ്ഞത്.

ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ 1 നേടിയവരുടെ എണ്ണത്തിലും വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 12090 കുട്ടികള്‍ക്ക് എ 1 ഗ്രേഡ് നേടാനായപ്പോള്‍ 2023ല്‍ ഇത് 6111ആയി കുറഞ്ഞു. കൂടുതല്‍ വിഷയങ്ങളില്‍ പരാജയപ്പെട്ടവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. എ 2 ഗ്രേഡ് നേടിയവരുടേയും ബി 1 ഗ്രേഡ് നേടയിവരുടയും എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.

ദാഹോദ് ജില്ലയിലാണ് ഒറ്റക്കുട്ടി പോലും പാസാകാത്ത ഏറ്റവുമധികം സ്കൂളുകളുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 സ്കൂളുകളാണ് ദഹോദില്‍ അധികമായി സംപൂജ്യരായത്. സൂറത്തിലാണ് ഏറ്റവുമധികം വിജയ ശതമാനം 76.45. സോഷ്യല്‍ സയന്‍സ് വിഷയത്തിലാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മാര്‍ക്ക് നേടിയിട്ടുള്ളത്.

Top