amarinder singh dares arun jaitley to contest ls bypoll from amritsar-

ന്യൂഡല്‍ഹി: അമൃത്സറില്‍ നടക്കാന്‍ പോകുന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വെല്ലുവിളിച്ച് പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്.

അമൃത്സറില്‍ നടക്കാന്‍ പോകുന്നത് പ്രധാനമന്ത്രിയുടെ നോട്ട് പിന്‍വലിക്കല്‍ നടപടിയുടെ വിലയിരുത്തലായിരിക്കുമെന്നാണ് അമരീന്ദര്‍ സിങ് പറയുന്നത്.

2014 ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമൃത്‌സറില്‍ നിന്ന് ജെയ്റ്റ്‌ലി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. അന്ന് ജെയ്റ്റ്‌ലിയെ പരാജയപ്പെടുത്തിയത് അമരീന്ദര്‍ സിങ്ങായിരുന്നു.

ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ജെയ്റ്റ്‌ലി മന്ത്രിയായി വൈകാതെ രാജ്യസഭയിലുമെത്തി.

അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി അമരീന്ദര്‍ ലോക്‌സഭാംഗത്വം രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

പഞ്ചാബ് നിയമസഭയിലേക്കുള്ള എല്ലാ സീറ്റുകളും ഇത്തവണ കോണ്‍ഗ്രസ് വിജയിക്കുമെന്ന് അമരീന്ദര്‍ അവകാശപ്പെട്ടു. മോദി സര്‍ക്കാര്‍ രാജ്യത്ത് നാസി ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

സൈബര്‍ സുരക്ഷ ഉറപ്പുവരുത്താതെ എങ്ങനെയാണ് രാജ്യം പൂര്‍ണമായും ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുകയെന്നും അദ്ദേഹം ചോദിച്ചു.

Top