ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടിക്ക് കൈമാറണമെന്ന് ബിജെപി എംഎല്‍എമാരോടും എംപിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
എല്ലാ ലോക്സഭാരാജ്യസഭാ എംപിമാരും എംഎല്‍എമാരും തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇടപാടുകളുടെ വിശദാംശങ്ങളും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കൈമാറണം.
നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലുള്ള എല്ലാ ഇടപാടകുളെക്കുറിച്ചും ബിജെപി എംപിമാരും എംഎല്‍എമാരും പാര്‍ട്ടിക്ക് വിവരം നല്‍കണം.
ചൊവ്വാഴ്ച്ച രാവിലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് നരേന്ദ്രമോദി ഇക്കാര്യം ആവശ്യപ്പെട്ടത്. വിവരങ്ങള്‍ 2017 ജനുവരി ഒന്നിനകം അമിത്ഷായ്ക്ക് ലഭിച്ചിരിക്കണം എന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.
നവംബര്‍ എട്ടിന് തീര്‍ത്തും അപ്രതീക്ഷിതമായി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രിക്ക് ഈ തീരുമാനത്തിന്റെ പേരില്‍ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഒരു പോലെ നേരിടേണ്ടി വന്നിരുന്നു.
നോട്ട് അസാധുവാക്കല്‍ തീരുമാനം ബിജെപി നേതാക്കളും ചില വ്യവസായികളും നേരത്തെ അറിഞ്ഞിരുന്നുവെന്ന് ചില പ്രതിപക്ഷനേതാക്കള്‍ ആരോപണമുന്നയിച്ചിരുന്നു.
വിഷയത്തില്‍ പ്രധാനമന്ത്രി ലോക്സഭയില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ പ്രക്ഷോഭം ശക്തമാക്കുന്നതിനിടയിലാണ് സ്വന്തം പാര്‍ട്ടിയിലെ ജനപ്രതിനിധികളോട് ബാങ്കിംഗ് വിവരങ്ങള്‍ കൈമാറുവാന്‍ നരേന്ദ്രമോദി ആവശ്യപ്പെട്ടിരിക്കുന്നത്.