Nilambur Maoist encounter; possibility about judicial inquiry

മലപ്പുറം:മാവോയിസ്റ്റ് നേതാവ് കുപ്പുസ്വാമിയെയും (ദേവരാജ്) അജിതയെയും വെടിവച്ച് കൊന്ന പോലീസ് ഇപ്പോള്‍ പരിഭ്രാന്തിയില്‍.

സര്‍ക്കാറിലെ പ്രമുഖ ഘടകകക്ഷിയായ സിപിഐ അടക്കം ഏറ്റുമുട്ടല്‍ സംബന്ധമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.

മാത്രമല്ല സിപിഐ-ക്കാരനായ വനംമന്ത്രി രാജു വനംവകുപ്പ് പോലീസ് നടപടി അറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയും രംഗത്തെത്തി.

പൊലീസിനെ പ്രതിരോധത്തിലാക്കുന്ന നടപടി ഭരണപക്ഷത്ത് നിന്ന് തന്നെ വന്നത് ആഭ്യന്തര വകുപ്പിനും തലവേദനയായിരിക്കുകയാണ്. പ്രതിഷേധം കത്തിപ്പടരുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുവെന്നും സംഘത്തില്‍ 22 പേര്‍ ഉണ്ടായിരുന്നതുമായാണ് ഡിജിപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ രണ്ടു പേരുടെ മൃതദേഹം മാത്രമാണ് കണ്ടെടുക്കപ്പെട്ടിട്ടുളളത്.

പത്രലേഖകരോട് നടപടി വിശദീകരിച്ച മലപ്പുറം എസ്.പി. ദേബേഷ് കുമാര്‍ ബഹ്‌റ, മാവോയിസ്റ്റ് സംഘത്തില്‍ 11 പേര്‍ ഉണ്ടായതായാണ് വ്യക്തമക്കിയത്. കണക്കില്‍ തന്നെ പ്രകടമായ വ്യത്യാസം പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെയുണ്ടെന്ന് വ്യക്തമാക്കുന്ന നടപടിയാണിത്.

പൊലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്നാണ് എസ്.പി. യുടെ വാദം. തുടര്‍ന്ന് തിരിച്ച് വെടിവെച്ചതിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടതെന്നാണ് വിശദീകരണം.

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയും സംഘത്തിനുണ്ടായിരുന്നുവെന്ന ‘കണ്ടെത്തലും’ എസ്.പി. നടത്തിയിട്ടുണ്ട്.

വിക്രം ഗൗഡ സംഘത്തിലുണ്ടായിരുന്നുവെങ്കില്‍ തന്നെ അതെങ്ങനെ പൊലീസ് തിരിച്ചറിഞ്ഞു എന്ന ചോദ്യവും പ്രസക്തമാണ്. പ്രത്യേകിച്ച് മാവോയിസ്റ്റുകളാരും കസ്റ്റഡിയില്‍ ഇല്ലെന്ന് പൊലീസ് തന്നെ വ്യക്തമാക്കിയതിനാല്‍ ഇതിന് മറുപടി ജില്ലാ പൊലീസ് മേധാവി തന്നെ വ്യക്തമാക്കേണ്ടതുണ്ട്.

ദേവരാജിന്റെ (കുപ്പുസ്വാമി)യുടെ പക്കല്‍ നിന്ന് ഒരു കൈതോക്ക് മാത്രമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇത്രയും വലിയ സന്നാഹത്തോടെ കാട്ടിനുളളില്‍ കയറിയ പൊലീസ് കൂടുതല്‍ പേരെ വെടിവെച്ച് കൊന്നിട്ട് കുഴിച്ചിട്ടുണ്ടാകാം എന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ഒരു പൊലീസുകാരന് പോലും കാര്യമായി പരിക്കേല്‍ക്കാതെ നടന്ന ഏറ്റുമുട്ടല്‍ ‘കഥ’ ഇതിനകം തന്നെ പൊലീസിനെ പ്രതിരോധത്തിലാക്കി കഴിഞ്ഞിട്ടുണ്ട്.

മാവോയിസ്റ്റ് സംഘങ്ങളാണ് ആദ്യം വെടിവയ്പ് നടത്തിയതെന്ന പൊലീസ് വാദം ശരിയാണെങ്കില്‍ തീര്‍ച്ചയായും പൊലീസ് സംഘത്തിന് പരിക്കേല്‍ക്കേണ്ടതായിരുന്നവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് ഭൂമിശാസ്ത്രപരമായി കാടിനെ അറിയുന്ന മാവോയിസ്റ്റുകള്‍ ആക്രമിക്കുമ്പോള്‍ പരുക്കേല്‍ക്കുക സ്വാഭാവികമാണെന്നാണ് വിലയിരുത്തല്‍. മാവോയിസ്റ്റുകള്‍ തമ്പടിച്ച സ്ഥലം കണ്ടെത്തി തണ്ടര്‍ബോള്‍ട്ടും പൊലീസും ആക്രമിക്കുകയായിരുന്നുവെന്ന അനുമാനങ്ങള്‍ക്ക് ശക്തി പകരുന്നത് ഈ ഘടകങ്ങളാണ്.

ഇന്നുവരെ ഒരു കേസിലും പ്രതിയാകാത്ത അജിത എന്ന യുവതിയും പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു എന്നതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വെടിവയ്പും കൊലപാതകവും നടന്ന സ്ഥലത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിക്കാതിരുന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്.

തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് പോലും ഇന്‍ക്വസ്റ്റ് നടക്കുമ്പോള്‍ വനത്തിനുള്ളില്‍ കയറാന്‍ പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ഇതെല്ലാം വെടിവെപ്പ് സംബന്ധിച്ച് സംശയങ്ങളുയര്‍ത്തുന്ന കാര്യങ്ങളാണ്.

പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചും പൊലീസ് വാഹനങ്ങള്‍ വെടിവെച്ചിട്ടുമെല്ലാം കൂട്ടക്കശാപ്പ് നടത്തിയ ചരിത്രം ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ അടക്കമുളള നക്‌സ്‌ലൈറ്റ് വിഭാഗങ്ങള്‍ക്കുണ്ട്.

എന്നാല്‍ കേരളത്തില്‍ ഇതുവരെ മാവോയിസ്റ്റുകള്‍ ഏതെങ്കിലും പാവപ്പെട്ടവനെയോ ജനങ്ങളെയോ ഉപദ്രവിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഭരണകക്ഷിയായ സിപിഐയ്ക്ക് പോലും വെടിവയ്പിനെ എതിര്‍ത്ത് രംഗത്ത് വരേണ്ട സാഹചര്യമുണ്ടായത്.

അതേസമയം കേരള പൊലീസിന്റെ വെടിവയ്പ് മാവോയിസ്റ്റുകളെ പ്രകോപിപ്പിക്കുമെന്നും സംസ്ഥാനത്ത് എപ്പോള്‍ വേണമെങ്കിലും അവര്‍ തിരിച്ചടിക്കാന്‍ എത്തിയേക്കുമെന്നും ഇന്റലിജന്‍സ് വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇതേതുടര്‍ന്ന് പൊലീസ് സ്റ്റേഷനുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ നീക്കമുണ്ട്.

Top