niti aayog s arvind panagriya says liquidity issues to stay for 3 month

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് അസാധുവാക്കല്‍ നടപടി ഇന്ത്യന്‍ സമ്പദ്ഘടനയെ മൂന്നുമാസം പിന്നോട്ടടിച്ചേക്കാമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ.

നോട്ട് പിന്‍വലിക്കല്‍ മുലം എളുപ്പത്തില്‍ സാധനങ്ങള്‍ പണമാക്കി മാറ്റാന്‍ കഴിയാതെവരുന്ന സാഹചര്യമാവും സമ്പദ്ഘടനയ്ക്ക് പ്രഹരമേല്‍പ്പിക്കുക. എന്നാല്‍ പ്രശ്‌നങ്ങള്‍ പടിപടിയായി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്ന സമയത്തേക്കാള്‍ ലിക്വിഡിറ്റി പ്രതിസന്ധിയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തെ രണ്ട് ശതമാനം പിന്നോട്ടടിക്കുമെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന അരവിന്ദ് പനഗരിയ തള്ളിക്കളഞ്ഞു.

ഇത് സാമ്പത്തിക വര്‍ഷത്തിന്റെ നിലവിലെ പാദത്തിത്തെക്കുറിച്ച് മാത്രമാണെന്നും ഈ കാലയളവില്‍ എത്രത്തോളം പ്രശ്‌നം ബാധിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ട് പിന്‍വലിക്കല്‍ കള്ളപ്പണത്തിനെ വിപണിയിലേക്ക് കൊണ്ടുവരും. നിക്ഷേപങ്ങള്‍ വര്‍ധിക്കുമെന്നതിനാല്‍ സാമ്പത്തിക രംഗത്തിന് ഉണര്‍വ് കൊണ്ടുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Top