108 കോടിയുടെ തട്ടിപ്പ് കേസിലെ ‘അട്ടിമറി’ അന്വേഷണ ഉദ്യോഗസ്ഥനെ തെറുപ്പിച്ച് എ.ഡി.ജി.പി

ഹാരാഷ്ട്ര മന്ത്രിയുടെ കമ്പനിയുടെ പേരിൽ ഉൾപ്പെടെ വ്യാജ രേഖകൾ ചമച്ച് 108 കോടി തട്ടിയെടുത്ത കേസിൽ ആലുവ പൊലീസ് നടത്തിയതും വൻ അട്ടിമറി. പ്രതികൾക്കെതിരെ തെളിവുകൾ സഹിതം പരാതി നൽകിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതിരുന്നത് ഉന്നത സ്വാധീനം മൂലമാണെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഇതേ തുടർന്ന് അന്വേഷണ ചുമതലയിൽ നിന്നും ആലുവ ഡി.വൈ.എസ്.പി ശിവൻ കുട്ടിയെ മാറ്റി കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ച് ഉത്തരവായിട്ടുണ്ട്. പ്രതികളുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ആലുവ ഡി.വൈ.എസ്.പി ശ്രമിക്കുന്നു എന്നാരോപിച്ച് മുൻ ഡി.ഐ.ജി പി.കെ മുഹമ്മദ് ഹസ്സന്റെ മകൻ പ്രവാസി വ്യവസായിയായ അബ്ദുൾ ലാഹിർ ഹസൻ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് നൽകിയ പരാതിയെ തുടർന്നാണ് മിന്നൽ നടപടി ഉണ്ടായിരിക്കുന്നത്.

ആലുവ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നമ്പർ 1072/2022 കേസിലെ അന്വേഷണം അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ശിവൻ കുട്ടി ശ്രമിക്കുന്നതിനാൽ അന്വേഷണം മറ്റേതെങ്കിലും സത്യസന്ധനായ ഉദ്ദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്നാണ് എ.ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ദുബായിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമ കൂടിയായ ലാഹിർ ഹസ്സൻ ആവശ്യപ്പെട്ടിരുന്നത്.

അദ്ദേഹത്തിന്റെ മകളുടെ ഭർത്താവായിരുന്ന കാസർഗോഡ് ചേർക്കള സ്വദേശി കുതിരോളി മന്നത്ത് മുഹമ്മദ് ഹാഫിസും സംഘവും വ്യാജ രേഖകൾ ചമച്ചും മറ്റും, 108 കോടി രൂപ തട്ടിയെടുത്ത പരാതിയിൽ ആലുവ പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും നടപടിയിലേക്ക് പോയിരുന്നില്ല. മഹാരാഷ്ട്ര മന്ത്രിയുടെ കമ്പനിയുടേതുൾപ്പെടെ വ്യാജ രേഖകൾ ഉണ്ടാക്കി ലാഹിർ ഹസ്സനെ തെറ്റിധരിപ്പിച്ചാണ് ഇത്രയും വലിയ തുക പ്രതികൾ തട്ടിയെടുത്തിരുന്നത്. ഈ കേസിൽ മുഹമ്മദ് ഹാഫിസും അദ്ദേഹത്തിന്റെ പിതാവ് പൊതുമരാമത്ത് വകുപ്പ് കോൺട്രാക്ടർ കൂടിയായ മുഹമ്മദ് ഷാഫിയും ഷാഫിയുടെ ഭാര്യയും വ്യാജ രേഖ ഉണ്ടാക്കി നൽകിയ അക്ഷയ് വൈദ്യൻ തോമസും പ്രതികളാണ്.

തന്റെ എൻ.ആർ.ഐ അക്കൗണ്ട് വഴി നൽകിയ മുഴുവൻ തുകയുടെയും ബാങ്ക് സ്റ്റേറ്റ്മെന്റും മുഹമ്മദ് ഹാഫിസ് നൽകിയ വ്യാജ രേഖകളും വ്യാജ രേഖകൾ ഉണ്ടാക്കി നൽകിയത് സംബന്ധിച്ച് അക്ഷയ് നടത്തിയ വെളിപ്പെടുത്തൽ സംബന്ധിച്ച ഓഡിയോ റെക്കോർഡും ലാഹിർ ഹസ്സൻ പരാതിക്കൊപ്പം പൊലീസിന് കൈമാറിയിരുന്നെങ്കിലും എഫ്.ഐ. ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയ പൊലീസ് പിന്നീട് പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് ചെയ്ത തെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. വ്യാജ രേഖകൾ ഉണ്ടാക്കിയ കംപ്യൂട്ടർ വ്യാജ സീലുകൾ തുടങ്ങിയ തെളിവുകൾ പിടിച്ചെടുക്കാനോ മുഹമ്മദ് ഹാഫിസ് ഉപയോഗിക്കാൻ വാങ്ങിയ ലാഹിർ ഹസ്സന്റെ മകന്റെ ഭാര്യയുടെ പേരിലുള്ള ഒന്നരക്കോടി വില വരുന്ന വാഹനം കണ്ടെത്താനോ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലന്നും എ.ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതൊന്നും ചെയ്യാതെ അന്വേഷണ ഉദ്ദ്യോഗസ്ഥനായ ആലുവ ഡി.വൈ.എസ്.പി പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നാണ് ആക്ഷേപം.

തെളിവുകൾ സഹിതം പരാതി നൽകി ഒരാഴ്ചയോളം കഴിഞ്ഞതിനു ശേഷമാണ് ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നും തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത വിവരം ഗോവയിൽ ഉണ്ടായിരുന്ന മുഹമ്മദ് ഹാഫിസിനെ നേരത്തെ അറിയിച്ച് അയാൾക്ക് ട്രാൻസിറ്റ് ബെയിലിനുള്ള അവസരം ഉണ്ടാക്കിയെന്നുമുള്ള ഗുരുതര പരാതിയും മുൻ ഡി.ഐ.ജിയുടെ കുടുംബത്തിനുണ്ട്. ഇതിനു ശേഷം മറ്റു പ്രതികൾ കൂടി മുൻകൂർ ജാമ്യം ലഭിക്കാനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതി കേസന്വേഷണം തടഞ്ഞിട്ടില്ലന്നിരിക്കെ ജാമ്യാപേക്ഷ നൽകിയത് പിടിവള്ളിയാക്കി പ്രതികളെ സഹായിക്കുന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥൻ സ്വീകരിച്ചിരിക്കുന്നതെന്നും ലാഹിർ ഹസ്സൻ പറയുന്നു.

പ്രതികൾക്കെതിരെ തെളിവുകൾ ശേഖരിച്ച് കോടതിയിൽ ബോധ്യപ്പെടുത്തേണ്ട അന്വേഷണ സംഘവും പ്രോസിക്യൂഷനും ഇക്കാര്യത്തിൽ പിന്നോട്ട് പോകുന്നത് ‘ബാഹ്യ ഇടപെടൽ’ മൂലമാണെന്ന് സംശയിക്കുന്നതായും പരാതിയിൽ ലാഹിർ ഹസ്സൻ വ്യക്തമാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി സത്യസന്ധമായ അന്വേഷണം ഉറപ്പ് വരുത്തണമെന്നതാണ് എ.ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം പരിഗണിച്ചാണ് ഇപ്പോൾ അന്വേഷണ ചുമതലയിൽ നിന്നും ആലുവ ഡി.വൈ.എസ്.പിയെ തെറുപ്പിച്ചിരിക്കുന്നത്.

ചെറിയ തുകയുടെ തട്ടിപ്പിന് പോലും പ്രതികളെ അറസ്റ്റ് ചെയ്യുകയും റെയ്ഡ് നടത്തുകയും ചെയ്യുന്ന പൊലീസ് ഇത്ര വലിയ ഒരു തട്ടിപ്പ് നടന്നിട്ടും മതിയായ തെളിവുകൾ നൽകിയിട്ടും ഇതുവരെ പ്രതികളെ പിടികൂടാനോ റെയ്ഡ് നടത്താനോ തുനിയാത്തത് ദൂരൂഹം തന്നെയാണെന്നാണ് ലാഹിർ ഹസ്സന്റെ അഭിഭാഷകരും പറയുന്നത്. മഹാരാഷ്ട്രയിലെ ഒരു മന്ത്രിയുടെ കമ്പനിയുടെയും ഇൻകം ടാക്സ് ഡിപ്പാർട്ട് മെന്റിന്റെയും പേരിൽ പ്രതിയുണ്ടാക്കി നൽകിയ വ്യാജരേഖകളും ലാഹിർ ഹസ്സൻ പൊലീസിന് കൈമാറിയിട്ടുണ്ട്.

42 വർഷത്തിൽ ഏറെയായി ദുബായിൽ ബിസിനസ്സ് ചെയ്യുന്ന ലാഹിർ ഹസ്സന് മൂന്ന് മക്കളാണ് ഉള്ളത്. ഇളയ മകൾ ഹാജിറയെയാണ് കാസർഗോഡ് ചേർക്കള സ്വദേശിയായ കുതിരോളി മുഹമ്മദ് ഹാഫിസ് വിവാഹം ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ പിതാവ് പൊതുമരാമത്ത് വകുപ്പിലെ കോൺട്രാക്ടറായ മുഹമ്മദ് ഷാഫിയാണ്. നല്ല ബന്ധമാകും എന്ന് കരുതിയാണ് ഈ കുടുംബവുമായി ബന്ധത്തിൽ ഏർപ്പെട്ടിരുന്നതെന്നും. എന്നാൽ മുഹമ്മദ് ഹാഫിസ് തന്നെയും കുടുംബത്തേയും ബോധപൂർവ്വം ചതിക്കുക എന്ന ഉദ്ദേശത്തോടെ ചൂഷണം ചെയ്യുകയാണ് ചെയ്തതെന്നുമാണ് ലാഹിർ ഹസ്സൻ പറയുന്നത്.

പല കാര്യങ്ങളും പല പദ്ധതികളും പറഞ്ഞ് നാല് വർഷത്തിനുള്ളിൽ 108 കോടി രൂപയാണ് തന്നിൽ നിന്നും മുഹമ്മദ് ഹാഫിസ് തട്ടിയെടുത്തിരിക്കുന്നതെന്നും ഏറെ വൈകിയാണ് ഹാഫിസ് പറയുന്നത് എല്ലാം കള്ളമാണെന്ന് തനിക്ക് മനസ്സിലായതെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ചിലവാക്കിയ പണം എവിടേക്കാണ് പോയതെന്ന് ചോദിച്ചപ്പോൾ മകളെയും ഹാഫിസ് സമ്മർദ്ദത്തിലാക്കിയെന്നും. പണം വാങ്ങുന്നതിനായി ഹാഫിസ് നൽകിയ രേഖകൾ എല്ലാം വ്യാജമായി നിർമ്മിച്ചിട്ടുളളതാണ് എന്ന കാര്യം ഹാഫിസിന്റെ മതാപിതാക്കളെ അറിയിച്ചപ്പോൾ അവർ ഹാഫിസിനെ ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. മകളോട് കൂടുതൽ കാര്യം തങ്ങളെ അറിയിക്കരുതെന്ന് അവർ പറഞ്ഞതായും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്.

മൂന്ന് പേരും അറിഞ്ഞുള്ള തട്ടിപ്പാണ് നടന്നതെന്നാണ് വാദം. വ്യാജ രേഖകൾ ഉണ്ടാക്കിയ സംഭവവും കൂടി അറിഞ്ഞതോടെ ഗത്യന്തരമില്ലാതെ മകൾ വിവാഹ മോചന കേസ് ഫയൽ ചെയ്യാൻ നിർബന്ധിതയായതായും എ.ഡി.ജി.പിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആലുവ ഡി.വൈ.എസ് പി ശിവൻ കുട്ടിയിൽ നിന്നും നീതികിട്ടില്ലന്ന ലാഹിർ ഹസ്സന്റെ പരാതി കൂടി പരിഗണിച്ചാണ് കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറിയിരിക്കുന്നതെന്നാണ് ഉന്നത പൊലീസ് കേന്ദ്രങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഈ കേസിന്റെ തുടക്കം മുതൽ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും ജില്ലാ ക്രൈം ബ്രാഞ്ച് പരിശോധിക്കും. ഇതിനാവശ്യമായ നിർദ്ദേശവും എ.ഡി.ജി.പി നൽകിയതായാണ് ലഭിക്കുന്ന വിവരം.

EXPRESS KERALA VIEW

Top