chinese firm under radar for sending data to china

ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ അമേരിക്കന്‍ ഉപഭോക്താക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്.

മൊബൈല്‍ സെക്യൂരിറ്റി സ്ഥാപനമായ കിപ്‌റ്റോവയഴാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ക്ക് എന്‍ഡ് ടു എന്‍ഡ് സാങ്കേതിക സേവനങ്ങള്‍ നല്‍കുന്ന ഷാങ്ങ്ഹായ് അഡ്യുപ്‌സ് ടെക്‌നോളജിയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്.

ടെക്സ്റ്റ് മെസേജുകള്‍, കോണ്ടാക്റ്റ് ലിസ്റ്റ്, കോള്‍ ലോഗുകള്‍, ലൊക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ തുടങ്ങി സകല ഉപഭോക്തൃ വിവരങ്ങളും ഇവര്‍ ചോര്‍ത്തിയെന്നാണു റിപ്പോര്‍ട്ടുകള്‍.

അമേരിക്കയിലെ നിരവധി പേരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സൂചന.

ഓരോ 72 മണിക്കൂറിലും ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിരവധി രഹസ്യ വിവരങ്ങളാണ് ചൈനയിലേയ്ക്ക് അയച്ചുകൊണ്ടിരുന്നത്. അമേരിക്കന്‍ ഉപഭോക്താക്കളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്നുള്ള വിവരങ്ങളാണ് ചോര്‍ത്തുന്നത്.

ചൈനയില്‍ നിന്നെത്തുന്ന സ്മാര്‍ട്ട് ഫോണുകളിലെ കോഡ് ഉപയോഗിച്ചാണ് ഇതു സാധിക്കുന്നത്. എന്നാല്‍ എത്രത്തോളം വിവരങ്ങള്‍ ഇങ്ങനെ ചോര്‍ത്തുന്നുണ്ടെന്നു ഉപഭോക്താക്കള്‍ ഒരിക്കലും അറിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

വിവരങ്ങള്‍ ചോര്‍ത്താനായി ചൈനയില്‍ നിന്നെത്തുന്ന ‘ആന്‍ഡ്രോയിഡ് ഫോണുകളില്‍ നേരത്തെ ചില സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നും ആരോപണമുണ്ട്.

ഉപഭോക്താക്കള്‍ എവിടെയൊക്കെ സഞ്ചരിക്കുന്നു, ആരോടൊക്കെ സംസാരിക്കുന്നു, എന്തൊക്കെ മെസേജുകളാണ് അയക്കുന്നത് എന്നിവയെല്ലാം മോണിറ്റര്‍ ചെയ്യാന്‍ അവയ്ക്ക് സാധിക്കും. പരസ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഡേറ്റ മൈനിംഗ് ആണോ, അതോ ചൈനീസ് സര്‍ക്കാരിന്റെ ഇന്റലിജന്‍സ് ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണോ എന്ന കാര്യം വ്യക്തമല്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിസ്‌പോസബിള്‍ അല്ലെങ്കില്‍ പ്രീപെയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്ന ഇന്റര്‍നാഷണല്‍ ഉപഭോക്താക്കളെയാണ് ഈ സോഫ്റ്റ്‌വെയര്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.

എന്നാല്‍ ഇത് ഏതൊക്കെ രീതിയിലെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ കുറ്റം ആരോപിക്കപ്പെട്ട അഡ്യുപ്‌സ് കമ്പനി ഈ വാര്‍ത്ത നിഷേധിച്ചു. തങ്ങള്‍ ഉപഭോക്താക്കളുടെ ഒരു സ്വകാര്യ വിവരങ്ങളും മറ്റെവിടെയും നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

‘കമ്പനി ബിസിനസ് പോളിസികളെ കുറിച്ച് മനസിലാക്കാതെ ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉണ്ടാക്കാന്‍ അവസരമുണ്ടായതില്‍ ഖേദിക്കുന്നുവെന്നും കമ്പനി പറഞ്ഞു.

ഒക്ടോബര്‍ ഇരുപത്തെട്ടിനു അഡ്യുപ്‌സും ബ്ലൂ സ്മാര്‍ട്ട് ഫോണുമായുള്ള കരാര്‍ അനുസരിച്ച് ബ്ലൂ സ്മാര്‍ട്ട് ഫോണില്‍ അവരുടെ സോഫ്റ്റ്‌വെയര്‍ ഓപ്പറേഷന്‍ നിര്‍ത്തലാക്കുമെന്നു പറഞ്ഞിരുന്നു.

ബ്ലൂ ഫോണില്‍ നിന്നും ലഭിക്കുന്ന ഓരോ വിവരവും വഴിയേ ഡിലീറ്റ് ചെയ്യുമെന്നും ഉറപ്പു നല്‍കിയിരുന്നു. ഈ വാര്‍ത്ത കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നതായി അഡ്യുപ്‌സ് കമ്പനി അഭിഭാഷക ലില്ലി ലിം പറഞ്ഞു.

Top