note issue; The petition has been filed in the Supreme Court on Tuesday

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള, സുപ്രീംകോടതി അഭിഭാഷകന്‍ സംഗം ലാല്‍ പാണ്ഡെയാണ് ബുധനാഴ്ച ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോള്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് പാണ്ഡെ ആവശ്യപ്പെട്ടെങ്കിലും അടിയന്തര സ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.

തങ്ങളുടെ വാദം കൂടി കേള്‍ക്കാതെ ഹര്‍ജിയില്‍ തീരുമാനം എടുക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

പെട്ടെന്ന് നോട്ടുകള്‍ പിന്‍വലിച്ചത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് പാണ്ഡെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ തുഗ്ലക്ക് പരിഷ്‌കാരം എന്നാണ് ഹര്‍ജിക്കാരന്‍ വിശേഷിപ്പിച്ചത്.

ഇന്ത്യന്‍ ഭരണാധികാരിയായിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലക്ക് രാാജ്യ തലസ്ഥാനം ഡല്‍ഹിയില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചതും പിന്നീട് അത് ബൂമറാംഗുപോലെ തിരിച്ചടിച്ചത് നോട്ടുകള്‍ പിന്‍വലിച്ച കാര്യത്തിലും ഉണ്ടാവുമെന്ന് ഹര്‍ജിയില്‍ പാണ്ഡെ പറയുന്നു.

അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ തീരുമാനം റദ്ദാക്കണമെന്നും കേന്ദ്രത്തിന്റെ തീരുമാനത്തിലൂടെ പാവപ്പെട്ടവരാണ് ഏറെ ബുദ്ധിമുട്ടുന്നതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

ആശുപത്രി, വിദ്യാഭ്യാസസ, വിവാഹ ആവശ്യങ്ങള്‍ക്കായി പണം കരുതിയിരിക്കുന്നവര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ 9നും 11നും ഇടയ്ക്ക് നിരവധി വിവാഹങ്ങളാണ് തീരുമാനിച്ചിരിക്കുന്നത്.

പണം മാറിയെടുക്കാന്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തന്നെ വിവാഹങ്ങള്‍ റദ്ദാക്കേണ്ട അവസ്ഥായാണുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു.

Top