sonia gandi continou congress President

rahul-gandi

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകില്ല. സോണിയ ഗാന്ധി അധ്യക്ഷപദവിയില്‍ തുടരും. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ നേതൃമാറ്റം ചര്‍ച്ചയായില്ല. എഐസിസി പുനസംഘടന ഒരുവര്‍ഷത്തേക്കുകൂടി നീട്ടി.

തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റാകാനുള്ള ശരിയായ സമയമാണ് ഇതെന്ന് മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി കമ്മിറ്റിയില്‍ പറഞ്ഞു. കമ്മിറ്റിയിലെ മറ്റംഗങ്ങള്‍ ഇതിനെ പിന്താങ്ങിയെങ്കിലും രാഹുല്‍ സ്ഥാനമേല്‍ക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

അനാരോഗ്യത്തെ തുടര്‍ന്ന് സോണിയ ഇന്നത്തെ വര്‍ക്കിങ് കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നില്ല. സോണിയയ്ക്ക് പകരം രാഹുല്‍ ഗാന്ധിയാണ് ഇന്നത്തെ യോഗത്തിന് അധ്യക്ഷത വഹിച്ചത്.

ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി വര്‍ക്കിങ് കമ്മിറ്റിയില്‍ അധ്യക്ഷത വഹിക്കുന്നത്. 46 കാരനായ രാഹുല്‍ 2013ലാണ് പാര്‍ട്ടി ഉപാധ്യക്ഷനായി നിയമിക്കപ്പെട്ടത്. മുമ്പും പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഇതിന് തയ്യാറായിരുന്നില്ല.

കമ്മിറ്റിയില്‍ രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശമുന്നയിച്ചു. വിവിധ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ വിമര്‍ശിച്ച രാഹുല്‍ ചില കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി.

ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ പാര്‍ട്ടി നിലപാട് രൂപീകരണവും ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പു സംബന്ധിച്ച തീരുമാനങ്ങളും യോഗത്തിലുണ്ടായി.

മുതിര്‍ന്ന നേതാക്കളായ മന്‍മോഹന്‍ സിങ്, പി ചിദംബരം, ഗുലാം നബി ആസാദ്, ജനാര്‍ദ്ദനന്‍ ദ്വിവേദി, അഹമ്മദ് പട്ടേല്‍, അംബിക സോണി എ.കെ ആന്റണി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Top