IAS-IPS list-bjp-influence

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ഐഎഎസ്-ഐപിഎസ് തലത്തില്‍ ഇടപെടലുകള്‍ നടത്താനും ബിജെപി-ആര്‍എസ്എസ് നീക്കം.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരില്‍ ബഹുഭൂരിപക്ഷവും ഒരുവട്ടമെങ്കിലും ഡെപ്യൂട്ടേഷനില്‍ പോവാന്‍ താല്‍പര്യമുള്ളവരാണെന്നത് മുന്‍നിര്‍ത്തിയാണ് പുതിയ തന്ത്രം.

ഡെപ്യൂട്ടേഷന് പോവാന്‍ കേന്ദ്രസര്‍ക്കാര്‍ കനിയണമെന്നുള്ളതിനാല്‍ ബിജെപിയോട് നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യം.

കേരള സര്‍ക്കാരിന്റെയും സിപിഎം നേതൃത്വത്തിന്റെയും നിര്‍ദ്ദേശത്തിനനുസരിച്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരോടും നേതാക്കളോടും ശത്രുതാ മനോഭാവത്തോടെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രത്തിന് കൈമാറി ഇവരുടെ സാധ്യതകള്‍ക്ക് മേല്‍ ‘റെഡ് സിഗ്നലു’യര്‍ത്തുകയാണ് ലക്ഷ്യം.

ഇങ്ങനെ ചില ഉദ്യോഗസ്ഥര്‍ ‘പാഠം പഠിച്ചാല്‍’ മറ്റ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ വഴിക്ക് വന്നോളുമെന്നാണ് കണക്ക്കൂട്ടല്‍.

ഭരണം കയ്യിലില്ലാത്ത സംസ്ഥാനങ്ങളില്‍ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുക എന്നത് സംഘ്പരിവാറിന്റെ ‘അജണ്ട’യുടെ ഭാഗമാണെന്ന് ഇതിനകം തന്നെ ആക്ഷേപവും ഉയര്‍ന്ന് കഴിഞ്ഞു.

ഇത്തരം ഇടപെടല്‍ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയായി ചിത്രീകരിക്കപ്പെടുമെന്നതിനാല്‍ പ്രത്യക്ഷമായി ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്താത്ത തരത്തില്‍ മുന്നറിയിപ്പ് നല്‍കി വരുതിയിലാക്കുകയാണ് തന്ത്രം.

ഇപ്പോള്‍ തന്നെ ഡിജിപി ആഭ്യന്തരസെക്രട്ടറിക്ക് കൈമാറിയ ഐപിഎസ് ലിസ്റ്റില്‍പ്പെട്ട പ്രമോട്ടി എസ്പിമാരില്‍ ഒരു വിഭാഗം കനിവ് തേടി ബിജെപി നേതാക്കളുടെ പിന്നാലെയാണ്.

എസ്‌ഐ ആയി സര്‍വ്വീസില്‍ കയറി ഉദ്യോഗക്കയറ്റം ലഭിച്ച പ്രമോട്ടി എസ്പിമാരാണ് ഐപിഎസ്സ് നേടിയെടുക്കുന്നതിനായി സര്‍വ്വശക്തിയുമെടുത്ത് രംഗത്തുള്ളത്.

ബാറുടമ ബിജു രമേശുമായി ഒത്ത് കളിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ എസ്പി സുകേശന്‍ ഉള്‍പ്പെടെ 35 എസ്പിമാരുടെ പട്ടികയാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരിക്കുന്നത്.

യുപിഎസ്‌സി പ്രതിനിധി പങ്കെടുക്കുന്ന സ്‌ക്രീനിങ്ങ് കമ്മിറ്റിയാണ് 11 ഒഴിവുകളിലേക്ക് എസ്പിമാരെ പരിഗണിക്കുന്നത്. ഇതിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കും.

ഐപിഎസ് ലഭിച്ചാല്‍ മാത്രമേ ജില്ലകളിലെ ക്രമസമാധാന ചുമതലയില്‍ ഇവര്‍ക്ക് നിയമനം ലഭിക്കു.

നിലവില്‍ നേരിട്ട് ഐപിഎസ് ലഭിച്ച എസ്പിമാരാണ് ഭൂരിപക്ഷ ജില്ലകളിലും ക്രമസമാധാന ചുമതലയിലുള്ളത്. ഡെപ്യൂട്ടേഷനിലേക്ക് പരിഗണിക്കപ്പെടുന്നതും ഈ ഉദ്യോഗസ്ഥര്‍ മാത്രമാണ്.

ഇപ്പോള്‍ കേരള കേഡറിലെ നിരവധി ഉദ്യോഗസ്ഥര്‍ സിബിഐ,ഐബി, എന്‍ഐഎ,റോ തുടങ്ങിയ വിവിധ കേന്ദ്ര ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡെപ്യൂട്ടേഷനെ പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നതാണ് കേരള സര്‍ക്കാരിന്റെ നയമെങ്കിലും ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥര്‍ താല്‍പര്യപ്പെട്ടാല്‍ പൂര്‍ണ്ണമായും നിഷേധിക്കാന്‍ കേരള സര്‍ക്കാരിന് കഴിയില്ല.

ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥരുടെ കഴിവുകള്‍ മാനദണ്ഡമാക്കിയാണ് കേന്ദ്രം ഡെപ്യൂട്ടേഷന് പരിഗണിക്കുക. ഐബിയുടെ റിപ്പോര്‍ട്ടും ഇതില്‍ പ്രധാന ഘടകമാണ്.

കേന്ദ്രസര്‍ക്കാരിന്‍ കീഴില്‍ ഡെപ്യൂട്ടേഷന് പോവുകയെന്നത് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ മാത്രമല്ല കേന്ദ്ര സര്‍വ്വീസിലുള്ള മറ്റ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെയും ‘അനിവാര്യമായ’ ആഗ്രഹമാണ്.

എന്‍ഐഎ, സിബിഐ,റോ തുടങ്ങിയ പ്രധാന അന്വേഷണ ഏജന്‍സികളുടെയും വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളുടെയും തലപ്പത്ത് സേവനമനുഷ്ടിച്ച് വിരമിച്ച നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ കേരള കേഡറില്‍ നിന്നുള്ളവരാണ്.

ഇപ്പോഴത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്നെ എന്‍ഐഎ ഓപ്പറേഷന്‍സ് വിഭാഗം മേധാവിയായിരുന്നു. റോയുടെ തലവനായാണ് മുന്‍ഡിജിപി ഹോര്‍മിസ് തരകന്‍ വിരമിച്ചത്. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പോലും കേരള കേഡറിലെ ഐപിഎസ് ഓഫീസറാണ്.

കണ്ണൂരില്‍ കര്‍ക്കശ നടപടിയിലൂടെ ശ്രദ്ധേയനായ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ ആര്‍എന്‍ രവിയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ പ്രധാന ഉദ്യോഗസ്ഥനാണ്.

വിരമിച്ചാല്‍ പോലും കേന്ദ്രത്തിന് പിടിച്ചാല്‍ പുതിയ പദവികളില്‍ തുടരാന്‍ പറ്റുമെന്നതിന്റെ സൂചനയാണ് അജിത് ദോവലിന്റെയും ആര്‍ എന്‍ രവിയുടെയും നിയമനങ്ങള്‍.

Top