pakistan to pull out 4 high commission officials outed by arrested spy akhtar

ഇസ്ലാമാബാദ്: ചാരവൃത്തിയെ തുടര്‍ന്ന്‌ ഡല്‍ഹിയിലെ പാക് ഹൈകമ്മീഷണര്‍ ഓഫീസില്‍ ജോലിചെയ്യുന്ന നാല് ഉദ്യോഗസ്ഥരെ പാകിസ്താന്‍ തിരിച്ചു വിളിച്ചേക്കുമെന്ന് സൂചന.

ചാരപ്പണിക്ക് പൊലീസിന്റെ പിടിയിലായ പാകിസ്താന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മെഹബൂബ് അക്തര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണിത്.

തന്നെ കൂടാതെ ഹൈകമ്മീഷനിലെ നാല് ഉദ്യോഗസ്ഥര്‍ കൂടി ഐഎസ്‌ഐ ചാരന്‍മാരാണെന്ന് അക്തര്‍ പൊലീസിനോട് പറഞ്ഞിരുന്നു.

നയതന്ത്ര പ്രതിനിധികള്‍ക്കെതിരെ കേസെടുക്കാന്‍ സാധിക്കാത്തതിനാല്‍ മെഹബൂബ് അക്തറിനെ ഇന്ത്യ പാകിസ്താനിലേക്ക് തിരിച്ചയച്ചിരുന്നു.

ഡല്‍ഹി പൊലീസിന്റെ ചോദ്യം ചെയ്യല്ലില്‍ ചാരപ്പണി ചെയ്യുന്ന നാല് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ അക്തര്‍ വെളിപ്പെടുത്തിരുന്നു. ഇത് മാധ്യമങ്ങള്‍ നേരത്തെ പുറത്തു വിട്ടിരുന്നു.

ഈ പശ്ചത്തലത്തില്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങളും ഡല്‍ഹിയില്‍ സുരക്ഷാ ഭീഷണി നേരിടുകയാണെന്ന് വിദേശകാര്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പാകിസ്താനിലെ പ്രമുഖ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരേയും കുടുംബത്തേയും തിരിച്ചു വിളിക്കുന്ന കാര്യം പാകിസ്താന്‍ സജീവമായി പരിഗണിക്കുന്നത്.

ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയ ഇന്ത്യയുടെ നടപടി തീര്‍ത്തും പ്രകോപനപരമാണ്, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാക്കാന്‍ മാത്രമേ ഇത്തരം നടപടികള്‍ സഹായിക്കൂവെന്നാണ് പാക് വിദേശകാര്യ വിദഗ്ദ്ധര്‍ കുറ്റപ്പെടുത്തുന്നത്.

Top