എണ്ണമറ്റ ഓര്‍മ്മകള്‍, സൗഹൃദങ്ങള്‍; ടര്‍ബോ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് വൈശാഖ്

കോമഡി-ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൂട്ടിംഗ് ഇന്നലെയാണ് പൂര്‍ത്തിയായത്. ഇപ്പോഴിതാ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് വൈശാഖ്.

‘ഈ യാത്രയ്ക്ക് നന്ദി! 104 ദിവസത്തെ തുടര്‍ച്ചയായ ഷൂട്ടിംഗ്, എണ്ണമറ്റ ഓര്‍മ്മകള്‍, സൗഹൃദങ്ങള്‍. ഫ്രെയിമുകള്‍ക്ക് പിന്നിലുള്ള അവിശ്വസനീയമായ ടീമിന് വലിയ നന്ദി. പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങളുടെ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാ പിന്തുണക്കും മമ്മൂട്ടി കമ്പനിക്ക് നന്ദി,’ വൈശാഖ് കുറിച്ചു.

ആക്ഷങ്ങള്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമായിരിക്കും ടര്‍ബോ എന്നാണ് റിപ്പോര്‍ട്ട്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളില്‍ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷന്‍ ബ്ലര്‍ മെഷര്‍മെന്റിന് അനുയോജ്യമായ ‘പര്‍സ്യുട്ട് ക്യാമറ’ ടര്‍ബോയില്‍ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതില്‍ ചിത്രീകരിക്കാം. ‘ട്രാന്‍ഫോര്‍മേഴ്സ്’, ‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്’ പോലുള്ള ഹോളിവുഡ് ചിത്രങ്ങളില്‍ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡില്‍ ‘പഠാന്‍’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ പര്‍സ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്. രാജ് ബി ഷെട്ടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Top