സംസ്ഥാനത്തെ 1038 വില്ലേജുകള്‍ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും നാശനഷ്ടമുണ്ടായ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. പ്രളയത്തില്‍ അകപ്പെട്ട കുടംബങ്ങള്‍ക്കുള്ള അടിയന്തര സഹായ വിതരണത്തിനുള്ള മാനദണ്ഡം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

ഓഗസ്റ്റ് 8 മുതല്‍ ഒരാഴ്ച പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തെ 13 ജില്ലകളിലാണ് നാശനഷ്ടമുണ്ടായത്. മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വില്ലേജുകളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചു. തൃശ്ശൂരില്‍ 215ഉം, പാലക്കാട് 124ഉം , കോഴിക്കോട് 115ഉം വില്ലേജുകള്‍ പട്ടികയിലുണ്ട്. ഏറ്റവും കൂടുതല്‍ ദുരന്തബാധിത വില്ലേജുകള്‍, അഞ്ചെണ്ണം, കൊല്ലത്താണുള്ളത്.

മഴ കാര്യമായ നാശനഷ്ടമുണ്ടാക്കാത്തതിനാല്‍ തിരുവനന്തപുരം ജില്ലയിലെ ഒരു വില്ലേജ് പോലും ദുരന്തബാധിത പ്രദേശത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. ബാങ്കുകളുടെ വായ്പ മൊറട്ടോറിയം പ്രഖ്യാപനത്തിന് പ്രധാന മാനദണ്ഡമായി കണക്കാക്കുന്നത് ദുരന്തബാധിത പ്രദേശങ്ങളുടെ ഈ പട്ടികയാണ്. കേന്ദ്ര സഹായത്തിനുള്ള സംസ്ഥാനത്തിന്റെ അപേക്ഷ തയ്യാറാക്കുന്നതും ഇതനുസരിച്ചാണ്.

Top