ranji trophy; 1st innings kerala lead vs chhattisgarh

ജംഷഡ്പുര്‍: രഞ്ജി ട്രോഫി മത്സരത്തില്‍ ഛത്തിസ്ഗഡിനെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ്.

ഒമ്പതിന് 179 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടര്‍ന്ന ഛത്തീസ്ഗഡ് 187ന് ഓള്‍ഔട്ടായി.വെറും എട്ടു റണ്‍സ് കൂടി മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 17 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 63 എന്ന നിലയിലാണ്. കേരളത്തിനിപ്പോള്‍ ആകെ 83 റണ്‍സ് ലീഡുണ്ട്.

മോനിഷായിരുന്നു ഛത്തീസ്ഗഢിന്റെ പതനത്തിന് തുടക്കമിട്ടത്. സ്‌കോര്‍ 38ല്‍ നില്‍ക്കെ ഓപ്പണര്‍ റിഷാഭ് തിവാരിയെയും (20) 45ല്‍ നില്‍ക്കെ ഓപ്പണിങ് പങ്കാളി സഞ്ജീവ് ഗുപ്തയെയും (10) മോനിഷ് പറഞ്ഞയച്ചു.

മൂന്നാം വിക്കറ്റില്‍ ഛത്തീസ്ഗഢ് നായകന്‍ അഭിമന്യു ചൗഹാനും അമന്‍ദീപ് ഖാരെയും സ്‌കോര്‍ ഉയര്‍ത്തി. മൂന്നാം വിക്കറ്റില്‍ ഇരുവരും 51 റണ്‍സാണ് ചേര്‍ത്തത്. സ്‌കോര്‍ 94ല്‍ നില്‍ക്കെ ഖാരയെ ക്ലീന്‍ ബൗള്‍ഡാക്കി സക്‌സേന കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

സ്‌കോര്‍ ബോര്‍ഡില്‍ 32 റണ്‍സുകൂടി ചേര്‍ന്നയുടനെ ചൗഹാന്റെ സ്റ്റമ്പ് തെറിപ്പിച്ച് മോനിഷ് വീണ്ടും കേരളത്തിന് ആധിപത്യം നല്‍കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ കേരള ബൗളര്‍മാര്‍ ഛത്തീസ്ഗഢ് വിക്കറ്റുകള്‍ വീഴ്ത്തി. മൂന്നിന് 125 എന്ന ശക്തമായ നിലയില്‍നിന്ന് ഛത്തീസ്ഗഢ് ഒമ്പതിന് 179ലേക്ക് തകര്‍ന്നു.

നേരത്തെ, ഒന്നാം ഇന്നിംഗ്‌സില്‍ കേരളം 207നു പുറത്തായിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച കേരളത്തിന് 13 റണ്‍സ് കൂടി മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.

62 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹന്‍ പ്രേം ആണ് കേരള ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ 41 റണ്‍സ് എടുത്തു.

വാലറ്റത്ത് കെ.എസ്. മോനിഷ് 24 റണ്‍സ് എടുത്തതാണ് കേരള സ്‌കോര്‍ 200 കടക്കാന്‍ സഹായകമായത്. ഛത്തീസ്ഗഡിനായി എസ്.എസ്. റുയികര്‍ 50 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.

Top