new defence purchase policy to open doors to finmeccanica sources

ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ നയം അടുത്ത ആഴ്ച കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും.

പ്രധാനമായും അഴിമതിയുടെ പേരില്‍ ആയുധക്കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തുന്ന നടപടിയിലാണ് സര്‍ക്കാര്‍ മാറ്റത്തിനൊരുങ്ങുന്നത്.

പുതിയ നയപ്രകാരം കമ്പനികളെ ഒന്നടങ്കം കരിമ്പട്ടികയില്‍പ്പെടുത്തുന്നതിന് പകരം അവരുടെ ഉത്പന്നങ്ങളെയോ അഴിമതിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെയോ ആകും കരിമ്പട്ടികയില്‍പ്പെടുത്തുക. കമ്പനികളുമായി തുടര്‍ന്നും പ്രതിരോധ ഇടപാടുകള്‍ നടത്താന്‍ അനുമതി നല്‍കും.

കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തിയത് കാരണം പല പ്രതിരോധ ആയുധങ്ങളും ലഭിക്കാന്‍ പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

കമ്പനികളെ ഒന്നാകെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് പ്രതിരോധ രംഗത്തെ ഇടപാടുകളില്‍ ചില കമ്പനികള്‍ക്ക് മാത്രം മേധാവിത്വം ഉണ്ടാകുന്ന അവസ്ഥ ഒഴിവാക്കാനും വേണ്ടിയാണ്പുതിയ നയം കൊണ്ടുവരുന്നത്.

എന്നാല്‍ ആയുധ ഇടപാടുകളില്‍ ഇടനിലക്കാരെ അനുവദിക്കാമെന്ന സുപ്രധാനമായ മാറ്റം പുതിയ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പ്രതിരോധ ഇടപാടുകളില്‍ മൂന്നാമതൊരാളെ ഇടനിലക്കാരനായി ഇന്ത്യ അംഗീകരിക്കുന്നില്ല. എന്നാല്‍ ഇടനിലക്കാരന്‍ ആരാണെന്ന് കമ്പനികള്‍ക്ക് വെളിപ്പെടുത്താനാകില്ല. മാത്രമല്ല പ്രതിരോധ ഇടപാടില്‍ ഇടനിലക്കാരനുള്ള കൂലി ഉള്‍പ്പെടുത്താന്‍ പാടില്ലെന്നും നയം നിഷ്‌കര്‍ഷിക്കുന്നു.

പുതിയ നയം പ്രഖ്യാപിക്കപ്പെട്ടാല്‍ എംബ്രായേര്‍ വിമാന ഇടപാടിന്‍മേലുള്ള സി.ബി.ഐ. അന്വേഷണം പ്രതിസന്ധിയിലാകുമെന്നാണ് സൂചന. മാത്രമല്ല, യു.പി.എ. സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനികളില്‍നിന്ന് മറ്റ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പുതിയ നയം വഴിവെക്കുകയും ചെയ്യും.

Top