ഭോപ്പാല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 102 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു

ഭോപ്പാല്‍: 1984-ഭോപ്പാല്‍ വിഷവാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 102 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി മധ്യപ്രദേശ് സര്‍ക്കാര്‍. എന്നാല്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ കണക്ക് തെറ്റാണെന്നും ഇത്തരത്തില്‍ 254 പേര്‍ മരണത്തിന് കീഴടങ്ങിയതായി സന്നദ്ധ സംഘടനകള്‍ അവകാശപ്പെട്ടു. ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ 36-ാം വാര്‍ഷികത്തിന്റെ തലേദിവസമാണ് കണക്കുകള്‍ പുറത്ത് വിട്ടത്.

1984-ഡിസംബറില്‍ നടന്ന വാതക ദുരന്തത്തില്‍ 15,000 ത്തോളം പേരുടെ ജീവനാണ് അപഹരിച്ചത്. അഞ്ചു ലക്ഷത്തിലധികം പേരെ ദുരന്തം ബാധിച്ചിരുന്നു. ഡിസംബര്‍ രണ്ടു വരെ കോവിഡ് ബാധിച്ച് ഭോപ്പാല്‍ ജില്ലയില്‍ 518 പേര്‍ മരിച്ചു. ഇവരില്‍ 102 പേര്‍ ഭോപ്പാല്‍ വാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരാണ്. ഈ 102 പേരില്‍ 69 പേര്‍ 50 വയസ്സിന് മുകളിലുള്ളവരാണ്. ബാക്കി 33 പേര്‍ 50 വയസ്സിന് താഴെയുള്ളവരാണ്. ”ഭോപ്പാല്‍ ഗ്യാസ് ട്രാജഡി റിലീഫ് ആന്റ് റിഹാബിലിറ്റേഷന്‍ ഡയറക്ടര്‍ ബസന്ത് കുറെ പറഞ്ഞു.

‘സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പ്രകാരം 518 പേരാണ് ഭോപ്പാല്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 450 ആളുകളുടെ വീടുകളില്‍ തങ്ങള്‍ സന്ദര്‍ശനം നടത്തി. ഇതില്‍ 254 പേരും ഭോപ്പാല്‍ വാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരാണ്’. ഭോപ്പാല്‍ വാതക ദുരന്ത ബാധിതരെ ചികിത്സിക്കുന്നതിനായി ഏര്‍പ്പാടാക്കിയ സ്മാര്‍ട്ട് കാര്‍ഡ് ഇവരുടെ കൈവശമുണ്ട്. ദുരന്ത നഷ്ടപരിഹാരത്തിന്റെ രേഖകളടക്കം ഇവരുടെ പക്കലുണ്ടെന്നും എന്‍ജിഒ അവകാശപ്പെട്ടു.

ഈ രേഖകള്‍ തങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. കൊറോണ വൈറസ് മൂലം മരിച്ച ദുരന്ത ബാധിതരുടെ നിരക്ക് 6.5 ശതമാനമാണെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മറ്റ് രോഗബാധിതരെ അപേക്ഷിച്ച് കൂടുതലാണെന്നും എന്‍ജിഒ പ്രതിനിധിയായ രചന ദിംഗര പറഞ്ഞു.

Top