തമിഴ്‌നാട്ടില്‍ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 102 പേര്‍ക്ക്; ആകെ രോഗബാധിതര്‍ 411

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. ഇന്നലെ മാത്രം 102 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 411 ആയി ഉയര്‍ന്നു.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 100 പേരും ഡല്‍ഹി നിസാമുദ്ദീനില്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. മാത്രമല്ല സംസ്ഥാനത്ത് രോഗം ബാധിച്ചവരില്‍ 364 പേരും , നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരോ അവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരോ ആണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റു രണ്ടു പേര്‍ വിദേശ യാത്ര ചെയ്തവരാണ്.

411 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാട് മുന്‍നിരയില്‍ എത്തിയിരിക്കുകയാണ്.

ചെന്നൈയില്‍ 81 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹി നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് ചെന്നൈയിലെ രോഗികളിലധികവും.

ചെന്നൈയില്‍ രോഗികളുടെ എണ്ണം കൂടിയതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. 10 പേര്‍ക്കു രോഗം സ്ഥിരീകരിച്ച പുതുപ്പേട്ടില്‍ എല്ലാ കടകളും അടപ്പിക്കുകയും പ്രദേശത്തെ റോഡുകള്‍ പൂര്‍ണമായി അടച്ചിടുകയും ചെയ്തു. ഡ്രോണ്‍ വഴി പ്രദേശത്തെ താമസക്കാര്‍ക്കു ബോധവല്‍ക്കരണവും നല്‍കിയിരുന്നു.

സംസ്ഥാനത്തു രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ബീലാ രാജേഷ് പറഞ്ഞു. കണ്ടെയ്ന്‍മെന്റ് പദ്ധതിയുടെ ഭാഗമായി പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രോഗം സ്ഥിരീകരിച്ചയാള്‍ താമസിക്കുന്നതിന്റെ 8 കി.മീറ്റര്‍ ചുറ്റളവിലെ എല്ലാ വീടുകളും പരിശോധിക്കുന്നതിനെയാണ് കണ്ടെയ്ന്‍മെന്റ് പ്ലാന്‍ എന്ന് പറയുന്നത്. ഇതുവഴി രോഗ ലക്ഷണങ്ങളുള്ളവരോട് ക്വാറന്റീനില്‍ കഴിയാന്‍ ആവശ്യപ്പെടും. ഇതോടെ, അവിടെ രോഗം പടരാനുള്ള സാധ്യത ഇല്ലാതാകുന്നു. കടുത്ത ശ്വാസകോശ രോഗങ്ങളുള്ളവരെയും പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ഇത്തരത്തില്‍ ഇതുവരെ 367 പേരെ പരിശോധിച്ചെന്നും 3 പേര്‍ക്കു രോഗം സ്ഥിരീകരിച്ചെന്നും ബീലാ രാജേഷ് പറഞ്ഞു.

ചെന്നൈയില്‍ കോവിഡ് കണ്ടെത്തിയ മേഖലകളെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതോടെ ഇവിടങ്ങളില്‍ നിന്നുള്ളവര്‍ക്കു സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ചികിത്സ നിഷേധിക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. ഇത്തരം പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

Top