jayarajan resigned-sitharamyechuri’s statement

ന്യൂഡല്‍ഹി: ജയരാജന്റെ രാജി സര്‍ക്കാരിന് തിരിച്ചടിയല്ലന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ രാജി സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് യെച്ചൂരി പ്രതികരിച്ചത്.

ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും പോലെയുള്ള പാര്‍ട്ടിയല്ല സി.പി.എം. ആദര്‍ശവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ്. അതുകൊണ്ടാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ഉചിതമായ തീരുമാനം കൃത്യസമയത്ത് എടുത്തത്.

ജയരാജന്‍ തെറ്റു തിരുത്തി പക്വത തെളിയിച്ചെന്നും യെച്ചൂരി പറഞ്ഞു. സംസ്ഥാനത്തെ മുന്‍ സര്‍ക്കാരില്‍നിന്നും മറ്റ് പാര്‍ട്ടികളില്‍നിന്നും വ്യത്യസ്തമായി തെറ്റ് തിരുത്തുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരും കൈവിട്ടതോടെ ഗത്യന്തരമില്ലാതെയാണ് രാജിവയ്ക്കാന്‍ ജയരാജന്‍ നിര്‍ബന്ധിതനായത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് നാല് മാസം മാത്രം പിന്നിട്ടപ്പോഴാണ് മന്ത്രിസഭയിലെ രണ്ടാമനായി അറിയപ്പെടുന്ന ജയരാജന്റെ രാജി.

Top